റോഡ് നിർമാണത്തിലെ അഴിമതി വാർത്തയാക്കി, മാധ്യമപ്രവർത്തകന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 3 പേർ അറസ്റ്റിൽ

By Web Desk  |  First Published Jan 5, 2025, 9:03 AM IST

മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരൻ കോടികൾ ചിലവിട്ട് റോഡ് നിർമ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു.  പിന്നാലെയാണ് കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.


റായ്പൂർ: ഛത്തീസ്‌ഗഡിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ.  ബസ്തർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാർ. ഒന്നാം തീയതി മുതൽ കാണാതായ മുകേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ബസ്തറിലെ പ്രമുഖ കരാറുകാന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ്  കരാറുകാരനും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകാറിന്‍റെ   ബന്ധുവും ഉൾപ്പടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരൻ കോടികൾ ചിലവിട്ട് റോഡ് നിർമ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യം എന്തെന്ന് കൊലപാതകത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷം വിമർശിച്ചു. കൊലപാതകത്തിന് പിന്നിൽ കോൺ​ഗ്രസ് നേതാവാണെന്ന് ബിജെപി ആരോപിച്ചു.

Latest Videos

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികൾ ആരായാലും വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കരാറുകാരന്റെ കെട്ടിടങ്ങൾ ബുൾഡോസറുപയോ​ഗിച്ച് ഇടിച്ച് നിരത്തി. അറസ്റ്റിലായ കരാറുകാരന് കോൺ​ഗ്രസ് നേതാവാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആരോപണം നിഷേധിച്ച കോൺ​ഗ്രസ് സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നതിന് തെളിവാണ് കൊലപാതകമെന്ന് വിമർശിച്ചു. 

കുറ്റക്കാർ ആരായാലും ശക്തമായ നടപടിയുണ്ടാകണമെന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാ​ഗേൽ പറഞ്ഞു. മുകേഷിന്റെ കുടുംബത്തിന് സഹായധനം നൽകണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. ദേശീയ മാധ്യമമായ എൻഡിടിവിക്ക് വേണ്ടിയും ഛത്തീസ്​ഗഡിൽ നിന്നും റിപ്പോർട്ടുകൾ തയാറാക്കിയിരുന്നു മുകേഷ്. മാവോയിസ്റ്റ് ആക്രമണങ്ങളെ കുറിച്ചും നിരന്തരം റിപ്പോർട്ടുകൾ ചെയ്തിരുന്നു. 2021 ൽ മാവോയിസ്ററുകൾ സിആർപിഎഫ് ഉദ്യോ​ഗസ്ഥനെ ബന്ദിയാക്കിയപ്പോൾ മധ്യസ്ഥ ചർച്ച നടത്തി മോചിപ്പിച്ചവരിൽ പ്രധാനിയായിരുന്നു മുകേഷ് ചന്ദ്രകാർ. 

വീഡിയോ സ്റ്റോറി കാണാം

Read More : പുൽപള്ളിയിൽ അമ്മയെ തല്ലി നിലത്തിട്ട് മകൻ, മർദ്ദനം ഭയന്ന് രാത്രി കിടക്കുന്നത് അയൽവാസിയുടെ തൊഴുത്തിൽ, ക്രൂരത

click me!