ദിവസങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ് ഇവരിൽ നിന്ന് 20 കോടിയിലധികം വിപണി മൂല്യം വരുന്ന കൊക്കെയ്ൻ കണ്ടെത്തിയത്.
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് പാരീസ് വഴി എത്തിയ ബ്രസീലിൽ നിന്നുള്ള യുവതിയും യുവാവുമാണ് പിടിയിലായത്.
സംശയം തോന്നിയതോടെ ഇരുവരെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ചില മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി ഇരുവരും സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും വിശദമായ പരിശോധനകൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഇരുവരും വിഴുങ്ങിയ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ദിവസങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിൽ യുവാവിൽ നിന്ന് 937 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 105 ക്യാപ്‌സ്യൂളുകൾ പുറത്തെടുത്തു. 562 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 58 ക്യാപ്‌സ്യൂളുകളാണ് യുവതിയിൽ നിന്ന് കണ്ടെടുത്തത്. പിടികൂടിയ 1,399 ഗ്രാം മയക്കുമരുന്നിൻ്റെ വിപണി മൂല്യം ഏകദേശം 20.98 കോടി രൂപയോളം വരുമെന്ന് കസ്റ്റംസ് അറിയിച്ചു.
READ MORE: 'ദില്ലി മുഖ്യമന്ത്രി അച്ഛനെ മാറ്റി'; വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി