ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം മുട്ട നൽകുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തിൽ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്
ബെംഗളൂരു: കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം നൽകിയ മുട്ട അടിച്ച് മാറ്റിയ അംഗനവാടി ജീവനക്കാർക്കെതിരെ നടപടി. കർണാടകയിലെ കൊപ്പാൽ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികൾക്ക് പാത്രത്തിൽ ഭക്ഷണത്തിനൊപ്പം മുട്ട നൽകിയ ശേഷം ജീവനക്കാർ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം മുട്ട നൽകുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തിൽ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലക്ഷ്മി, ഷഹനാസ് ബീഗം എന്നീ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കൊപ്പാൽ ജില്ലയിലെ ഗുണ്ടൂരിലാണ് അംഗനവാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്.
കുട്ടികൾ പാത്രത്തിൽ മുട്ടയുമായി നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം മുട്ട കഴിക്കുന്നതിന് മുൻപ് പാത്രത്തിൽ നിന്ന് തിരിച്ചെടുക്കുകയായിരുന്നു ഇവർ. സർക്കാർ സ്കൂളുകളിലും അംഗനവാടികളിലും ഉച്ച ഭക്ഷണത്തിനൊപ്പം മുട്ട നിർബന്ധമാണെന്നിരിക്കെയാണ് അംഗനവാടി ജീവനക്കാരുടെ നടപടി. വനിതാ ശിശുക്ഷേമ വകുപ്പാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സസ്പെൻഷൻ തുടരുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തന്നെ നടപടി എടുത്തതായാണ് വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പ്രതികരിക്കുന്നത്.
ജീവനക്കാർക്ക് പുറേമ കൊപ്പാൽ ജില്ലയിലെ ശിശുക്ഷേമ പദ്ധതി ഓഫീസർക്ക് വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അംഗനവാടികൾ പ്രവർത്തിക്കുന്നതെന്നും. വിവിധ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികൾ പിന്തള്ളപ്പെട്ട് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കേണ്ടതെന്നുമാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടർന്നുമുണ്ടാകുമെന്നും മന്ത്രി വിശദമാക്കി.
തറയിൽ ഭക്ഷണപാത്രത്തിന് മുന്നിൽ നിരന്നിരുന്ന കുട്ടികളോട് പ്രാർത്ഥിക്കാൻ പറയുന്ന ജീവനക്കാരി പ്രാർത്ഥന പൂർത്തിയാവുന്നതിന് പിന്നാലെയാണ് മുട്ട പ്ലേറ്റുകളിൽ നിന്ന് എടുത്തുകൊണ്ട് പോവുന്നത്. കുട്ടികൾ ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് മുട്ട എടുത്ത് കൊണ്ടു പോവുന്നതെന്നും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 69000 അംഗനവാടികളാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതെന്നാണ് ലഭ്യമാകുന്ന കണക്കുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം