രാജ്‌ഭവനിൽ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട് നിവേദനം നൽകി വിജയ്
ചെന്നൈ: മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകി. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ. രാജ്‌ഭവനിൽ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട ശേഷം വിജയ് മടങ്ങി. ടിവികെ ട്രഷറർ വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്നു.
അതിനിടെ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പടയിൽ വിജയ് കത്തെഴുതി. 'തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്' എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു.
"നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ (വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനവുമില്ല"- എന്നും വിജയ് കത്തിൽ കുറിച്ചു.
അണ്ണാ സർവകലാശാല ബലാത്സംഗ കേസിന് പിന്നാലെ സർക്കാരിനെതിരായ ജനരോഷം ശക്തമാക്കുകയാണ് ടിവികെയുടെ ലക്ഷ്യം. വിഷയത്തിൽ എഐഎഡിഎംകെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. അതേസമയം ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച രണ്ടംഗ സമിതി ചെന്നൈയിലെത്തി തെളിവെടുപ്പ് തുടങ്ങി.
അണ്ണാ സർവകലാശാല ക്യാംപസ്സിനുള്ളിൽ രണ്ടാം വർഷം എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബാലത്സഗം ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം