'സത്യം വളച്ചൊടിക്കാം, തോൽപിക്കാനാകില്ല', എന്ന് സച്ചിൻ പൈലറ്റ്, രാജസ്ഥാൻ സർക്കാർ വീഴുമോ?

By Web Team  |  First Published Jul 14, 2020, 3:34 PM IST

സർക്കാരിനെതിരെ കഴിഞ്ഞ ആറ് മാസമായി തുടരുന്ന ഗൂഢാലോചനയാണ് സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുന്നു. രാജസ്ഥാനിലെ സർക്കാർ താഴെ വീഴുമോ? കണക്കുകൾ പറയുന്നതെന്ത്?


ജയ്പൂർ: കോൺഗ്രസുമായി ഉടക്കി നിൽക്കെ പുറത്താക്കിയ നടപടിയിൽ മറുപടി ഒറ്റ വരിയിലൊതുക്കി സച്ചിൻ പൈലറ്റ്. ''സത്യത്തെ വളച്ചൊടിക്കാം. പക്ഷേ തോൽപിക്കാനാകില്ല'', എന്ന് സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു. അതേസമയം, സർക്കാരിനെതിരെ കഴിഞ്ഞ ആറ് മാസമായി തുടരുന്ന ഗൂഢാലോചനയാണ് സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഗവർണറെ കണ്ട് മടങ്ങവെയായിരുന്നു ഗെലോട്ടിന്‍റെ പ്രതികരണം. 

കൊവിഡ് കാലത്ത് സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് സച്ചിൻ പൈലറ്റ് നടത്തുന്നത് എന്നാണ് അശോക് ഗെലോട്ട് ആരോപിക്കുന്നത്. ''സച്ചിൻ പൈലറ്റിന്‍റെ പക്കൽ ഒന്നുമില്ല. ബിജെപി ഒരുക്കിക്കൊടുക്കുന്ന വേദിയിൽ നാടകം നടത്തുകയാണ് സച്ചിൻ പൈലറ്റ്. സച്ചിൻ പൈലറ്റിനൊപ്പം പോയ എംഎൽഎമാർക്ക് റിസോർട്ടിൽ താമസമൊരുക്കിയതടക്കം ബിജെപിയാണ്. മധ്യപ്രദേശിൽ സർക്കാരിനെ താഴെയിറക്കാൻ പണിയെടുത്ത അതേ ടീമാണ് ഇവിടെയും അട്ടിമറിശ്രമം നടത്തുന്നത്'', എന്നാണ് ഗെലോട്ട് ആരോപിക്കുന്നത്.

Latest Videos

അതേസമയം, ബിജെപി രാജസ്ഥാനിൽ വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങുകയാണ്. ''ഈ സ‍ർക്കാരിനെതിരെ രാജസ്ഥാനിലെ ജനങ്ങൾക്ക് കടുത്ത രോഷമുണ്ട്. സർക്കാരിനെ താഴെവീഴ്ത്തുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കങ്ങൾ ഞങ്ങൾ നിരീക്ഷിക്കുകയാണ്. സമയം വരുമ്പോൾ ഞങ്ങൾ ഞങ്ങളുടെ നടപടിക്രമങ്ങൾ തുടങ്ങും''. എന്നാണ് രാജസ്ഥാൻ ബിജെപി പ്രസിഡന്‍റ് സതീഷ് പുനിയ പറഞ്ഞത്.

നിലവിൽ 102 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. ജയ്‍പൂരിലെ നിയമസഭാകക്ഷിയോഗത്തിന് ശേഷം ഗവർണറെ കണ്ട അശോക് ഗെലോട്ട് ഈ 102 പേരുടെയും സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാൽ ഇതിലെ രണ്ട് എംഎൽഎമാർ, ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) അംഗങ്ങൾ, തങ്ങളെ രണ്ട് ദിവസമായി കോൺഗ്രസ് തടവിലാക്കിയിരിക്കുകയാണ് എന്ന് ആരോപിച്ച് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. 

രാജസ്ഥാനിലെ സർക്കാ‍ർ വീഴുമോ?

200 അംഗനിയമസഭയാണ് രാജസ്ഥാനിലേത്. ഇതിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 101 സീറ്റുകളാണ്. ഇതിൽ കോൺഗ്രസിന് 107 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന് പുറത്തുനിന്ന് 13 സ്വതന്ത്രരുടെയും രണ്ട് സിപിഎം എംഎൽഎമാരുടെയും രണ്ട് ബിടിപി എംഎൽഎമാരുടെയും ഒരു ആർഎൽഡി എംഎൽഎയുടെയും പിന്തുണയുണ്ടായിരുന്നു. 

 

എന്നാൽ ഇതിൽ മൂന്ന് സ്വതന്ത്രർ കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കോൺഗ്രസിനുള്ള പിന്തുണ 122 ആയി കുറഞ്ഞു. സച്ചിൻ പൈലറ്റിനൊപ്പം 18 മുതൽ 20 എംഎൽഎമാർ വരെ പോയിരിക്കാമെന്നാണ് സൂചന. അപ്പോൾ 102, അല്ലെങ്കിൽ 104 എംഎൽഎമാർ മാത്രമേ കോൺഗ്രസിനൊപ്പമുള്ളൂ എന്നാണ് കണക്കുകൂട്ടൽ. 

ഇതിൽ രണ്ട് എംഎൽഎമാരാണ്, അതായത് ബിടിപി എന്ന ചെറുപാർട്ടിയുടെ രണ്ട് എംഎൽഎമാരാണ്, തങ്ങളെ രണ്ട് ദിവസമായി കോൺഗ്രസ് തടവിലാക്കിയിരിക്കുകയാണ് എന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ടതും പരാതിയുന്നയിച്ചതും. ഇതോടെ, കോൺഗ്രസിനുള്ള പിന്തുണ കൃത്യം 102 അതല്ലെങ്കിൽ 100 എന്ന സ്ഥിതിയിലേക്ക് വീണിരിക്കുകയാണ്. 

കൃത്യം കണക്കുകൾ വ്യക്തമല്ലെങ്കിലും ഒന്നുകിൽ സർക്കാർ ന്യൂനപക്ഷമായി, അതല്ലെങ്കിൽ വീഴ്ചയുടെ വക്കിലാണ് എന്ന് വിലയിരുത്തേണ്ടി വരും. ബിജെപിക്ക് നിയമസഭയിലുള്ളത് 72 അംഗങ്ങളാണ്. സച്ചിൻ പൈലറ്റിനൊപ്പം 20 പേർ എത്തിയാൽ കൂടുതൽ പേരെ സ്വപക്ഷത്തേക്ക് ആകർഷിക്കാനാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ കൂറുമാറ്റ നിരോധനനിയമം മൂലം കോൺഗ്രസ് എംഎൽഎമാർക്ക് അയോഗ്യത ഉണ്ടാകില്ല. ഇതോടൊപ്പം സ്വതന്ത്രരെയും കൂട്ടിയാൽ ബിജെപിക്ക് സർക്കാരുണ്ടാക്കാം. അതല്ലെങ്കിൽ കോൺഗ്രസ് സർക്കാരിനെ താഴെ വീഴ്ത്തി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനും തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീക്കാനും ബിജെപിക്ക് കഴിയും. 

click me!