ജനങ്ങളെനിക്ക് വലിയ പിന്തുണ നൽകി. ആ പിന്തുണയ്ക്കും സ്നേഹത്തിനും ഈ അവസരത്തിൽ എല്ലാവർക്കും നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി : രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരണം രണ്ട് വരിയിൽ ഒതുക്കി രാഹുൽ ഗാന്ധി. ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളെനിക്ക് വലിയ പിന്തുണ നൽകി. ആ പിന്തുണയ്ക്കും സ്നേഹത്തിനും ഈ അവസരത്തിൽ എല്ലാവർക്കും നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ, സത്യത്തിന്റെ വിജയമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ പ്രതികരണം. എല്ലാവർക്കും സന്തോഷമുള്ള ദിനമാണിത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് രാഹുലിന്റെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൂടി വിജയമാണ്. സത്യത്തിനായാണ് രാഹുൽ പോരാടിയത്. കന്യാകുമാരിയിൽ തുടങ്ങി കശ്മീർ വരെ അദ്ദേഹം ജനങ്ങൾക്കൊപ്പം നടന്നു. സൂറത്ത് കോടതിയുടെ വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്. സുപ്രീകോടതി വിധി വന്നതിനാൽ എത്ര വേഗം അയോഗ്യത മാറ്റി എം പി സ്ഥാനം തിരികെ നൽകണം. അത് എത്ര പെട്ടന്നുണ്ടാകുമെന്ന് കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു.
'മോദി' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലാണ് സുപ്രീം കോടതിയിൽ നിന്നും രാഹുലിന് അനുകൂലമായി വിധിയുണ്ടാത്. രാഹുലിനെ രണ്ട് വർഷത്തേക്ക് തടവിന് വിധിച്ച ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം,പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുലിനായി മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ വാദിച്ചത്. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിൻ്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നിൽക്കില്ലെന്ന് രാഹുൽ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീർത്തി പെടുത്താനാണ് പരാമർശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.
READ MORE രാഹുൽ ഗാന്ധിക്ക് ആശ്വാസം: അപകീർത്തി കേസിൽ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു