അതിഥി തൊഴിലാളികളുമായി യുപിയിലേക്ക് പോയ ട്രക്ക് മറിഞ്ഞു; ഒൻപത് പേർക്ക് ഗുരുതര പരിക്ക്

By Web Team  |  First Published May 16, 2020, 4:02 PM IST

അലഹബാദിലേക്ക് പോവുകയായിരുന്നു ട്രക്ക്. ഇവിടെ നിന്ന് ബിഹാറിലേക്ക് പോകാനും ഉദ്ദേശിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം


ഹൈദരാബാദ്: തെലങ്കാനയിൽ നിന്ന് അതിഥി തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. 60 അതിഥി തൊഴിലാളികളുമായി പോയ ട്രക്ക് ദേശീയപാത 44 ൽ തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒൻപത് പേരുടെ നില ഗുരുതരമാണ്. 19 പേർക്ക് സാരമായ പരിക്കുകളുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണെന്നും പൊലീസ് പറഞ്ഞു. 

അലഹബാദിലേക്ക് പോവുകയായിരുന്നു ട്രക്ക്. ഇവിടെ നിന്ന് ബിഹാറിലേക്ക് പോകാനും ഉദ്ദേശിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. റോഡിന്റെ മീഡിയനിൽ തട്ടി ലോറി തലകീഴായി മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ 19 പേരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Latest Videos

രണ്ട് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റി. അതേസമയം ഉത്തർപ്രദേശിലെ ഔരയയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.  മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ ലോക് ഡൌണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 ലേക്ക് എത്തി.

മധ്യപ്രദേശിലെ നരസിംഹപുര ജില്ലയിൽ പത ഗ്രാമത്തിൽ കുടിയേറ്റത്തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ്, അഞ്ച് തൊഴിലാളികൾ മരിച്ചിരുന്നു. ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

click me!