ഇന്ത്യ സഖ്യത്തിൽ കോണ്‍ഗ്രസിലെ അധിർ രഞ്ജൻ ചൗധരി മാത്രമാണ് ലീഡ് ചെയ്യുന്നത്. സിപിഎമ്മിന് എവിടെയും ലീഡില്ല
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. 11 മണിയിലെ ലീഡ് നില അനുസരിച്ച് 30 സീറ്റിൽ തൃണമൂൽ മുന്നേറുകയാണ്. 10 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 42 ലോക്സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്. സീറ്റ് വിഭജന ചർച്ചകള്‍ പരാജയപ്പെട്ടതോടെ ഇന്ത്യ മുന്നണിയും തൃണമൂലും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
കോണ്‍ഗ്രസിന്‍റെ അധിർ രഞ്ജൻ ചൗധരി ബഹ്‌റാംപൂരിൽ ലീഡ് ചെയ്യുന്നു. 2019 ൽ പാർട്ടി നേടിയ രണ്ട് സീറ്റുകളിൽ ഒന്നാണിത്. മമതാ ബാനർജിയുടെ അനന്തരവൻ കൂടിയായ തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ഡയമണ്ട് ഹാർബർ സീറ്റിൽ ലീഡ് ചെയ്യുകയാണ്. തൃണമൂലിന്‍റെ മാലാ റോയ് കൊൽക്കത്ത ദക്ഷിണ്‍ സീറ്റിലും സുദീപ് ബന്ദ്യോപാധ്യായ കൊൽക്കത്ത ഉത്തർ സീറ്റിലും മുന്നേറുന്നു. ബിജെപിയുടെ അഗ്നിമിത്ര പോളാണ് മേദിനിപൂർ സീറ്റിൽ ലീഡ് ചെയ്യുന്നത്. കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് രാജിവെച്ച മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ തംലുകിൽ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ വർഷം ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര കൃഷ്ണനഗറിൽ നിലവിൽ പിന്നിലാണ്.
2019ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റുകളിലാണ് വിജയിച്ചത്. 18 സീറ്റിൽ വിജയിച്ച് ബിജെപി സംസ്ഥാനത്ത് വൻമുന്നേറ്റം നടത്തി. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം