പാമ്പിന്റെയും സിംഹത്തിന്റെയും രൂപത്തിൽ നാവ് മുറിച്ച് നൽകിയിരുന്നത് ടാറ്റൂ സെന്റർ ഉടമ ഹരിഹരനും സഹായി ജയരാമനും ചേർന്നാണെന്നും പൊലീസ് പറയുന്നു.
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ നാവ് മുറിച്ച്, ടാറ്റൂ ചെയ്ത് റീൽസ് തയ്യാറാക്കുന്ന സംഘം കൂടുതൽ ജില്ലകളിൽ ടാറ്റൂ പാർലർ തുടങ്ങാൻ പദ്ധതിയിട്ടതായി സൂചന. അറസ്റ്റിലായ ടാറ്റൂ സെന്റർ ഉടമ ഹരിഹരന്റെ ഗുണ്ടാ ബന്ധത്തിലും പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണിൽ പച്ചകുത്തി, ദേഹമാകെ ടാറ്റൂകളുമായി റീൽസിലൂടെ ലൈക്കുകൾ വാരിക്കൂട്ടുന്ന ഇൻസ്റ്റഗ്രാം സ്റ്റാറും ഏലിയൻ ഇമോ ടാറ്റൂ പേജിലെ വീഡിയോകളിലൂടെ താരമായ തിരുച്ചിറപ്പള്ളി ചിന്താമണി സ്വദേശി ഹരിഹരന്റെ നാവുപിളർത്തൽ റീൽ വൈറലായതോടെയാണ് പിടിവീണത്.
പാമ്പിന്റെയും സിംഹത്തിന്റെയും രൂപത്തിൽ നാവ് മുറിച്ച് നൽകിയിരുന്നത് ടാറ്റൂ സെന്റർ ഉടമ ഹരിഹരനും സഹായി ജയരാമനും ചേർന്നാണെന്നും പൊലീസ് പറയുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും അനസ്തേഷ്യ മരുന്നുകളും കണ്ടെടുത്തു. മെഡിക്കൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവർക്ക് ശസ്ത്ക്രിയക്ക് സമാനമായ സജ്ജീകരണങ്ങൾ ഒരുക്കിയവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവിടെ നാവുപിളർത്തലിന് വിധേയരായ നാല് പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുകതൽ ടാറ്റൂ സെന്ററുകൾ തുടങ്ങാൻ പദ്ധതിയിട്ട ഇവർക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. അടുത്തിടെ പൊലീസുമായള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനുമായി ഹരിഹരന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലസിന് വിവരം ലഭിച്ചിട്ടുണ്ട്.