രാജ്യത്ത് കൊവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,867 ആയി.
രാജ്യത്ത് കൊവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. വെന്റിലേറ്ററുകളുടേയും കിടക്കകളുടെയും എണ്ണം വർധിപ്പിച്ച് കൊണ്ട് ആശുപത്രികൾ കൂടുതൽ സജ്ജമായിരിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.