ജീവനൊടുക്കി വിദ്യാർത്ഥിനി, ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകരുടെ പേരുകള്‍; കള്ളാക്കുറിച്ചി കത്തുന്നു

By Sujith Chandran  |  First Published Jul 17, 2022, 2:32 PM IST

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.


ചെന്നൈ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളാക്കുറിച്ചിയിൽ വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ  പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലാണ്.

Latest Videos

undefined

റോഡ് ഉപരോധിച്ചും മറ്റും തുടർന്നുപോന്ന സമരം ഇന്ന് രാവിലെയാണ് അക്രമാസക്തമായത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനും അഗ്നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

നിരവധി സമരക്കാർക്കും ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

click me!