കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; നിയന്ത്രണങ്ങളെല്ലാം പാളി, തിരുപ്പതി ദുരന്തത്തിൽ മരണം ആറായി

By Web Desk  |  First Published Jan 8, 2025, 11:13 PM IST

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ആറായി ഉയര്‍ന്നു.20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്.


ഹൈദരാബാദ്:തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതിൽ മൂന്നു പേര്‍ സ്ത്രീകളാണ്. മരിച്ചവരിൽ ഒരാള്‍ സേലം സ്വദേശിനിയാണ്.  സേലം സ്വദേശിനി മല്ലികയാണ് മരിച്ച ഒരാള്‍. അപകടത്തിൽ 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

മറ്റു നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രിയോടെയാണ് തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് വലിയ അപകടമുണ്ടായത്. തിരുമലയിലെ തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളിൽ നിന്ന് കൂപ്പണ്‍ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായി തിരക്ക് കണക്കിലെടുത്ത് ഇത്തവണ താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായാണ് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്. ഇത്തരത്തിൽ സജ്ജമാക്കിയ കൗണ്ടറിലാണ് അപകടമുണ്ടാത്. താഴെ തിരുപ്പതിയിൽ വെച്ച് കൂപ്പണ്‍ കൊടുക്കാൻ തീരുമാനിച്ചെങ്കിലും രണ്ടിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നും തിരുപ്പതിയിൽ സ്വദേശിയായ മലയാളി മുരളീധരൻ പറഞ്ഞു.

നാളെ രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായുള്ള കൂപ്പണ്‍ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ നൽകുന്നതിനായി തിരുപ്പതിയിൽ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്.  സ്ഥലത്ത് പൊലീസിനെയും സജ്ജമാക്കിയിരുന്നു. എന്നാൽ, രാത്രിയോടെ തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലെത്തിയിരുന്നു. കൂപ്പണ്‍ വാങ്ങുന്നതിനായി രാത്രി തന്നെ ആയിരണങ്ങള്‍ വന്ന് ക്യൂ നിൽക്കാറുണ്ട്. ഇത്തരത്തിൽ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നലേ ക്യൂവിലേക്ക് ആളുകളെ കടത്തിവിടുന്നതിനിടെയാണ് തിരക്കുണ്ടായത്.

Latest Videos

ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ പൊലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളി. തുടര്‍ന്നാണ് വലിയ ദുരന്തം ഉണ്ടായത്. താഴെ വീണ ആളുകള്‍ക്ക്  മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്‍റെ വ്യാപ്തി കൂടി. സ്ഥലത്ത് ഇപ്പോഴും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടില്ല. സ്ത്രീകളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു.തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നൽകി. നാളെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതിയിൽ എത്തും.

രാത്രി തന്നെ ചന്ദ്രബാബു നായിഡു അടിയന്തര യോഗം ചേര്‍ന്നു.  ഇത്രയധികം തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് സുരക്ഷ ഒരുക്കാത്തത് എന്താണെന്ന് കളക്ടറോടും എസ്പിയോടും മുഖ്യമന്ത്രി ആരാഞ്ഞു. ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്.അപകടത്തിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. ദുരന്തത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്നും ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാൻ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

 

click me!