ആക്രമിച്ചത് 3 ഭീകരർ, കശ്‌മീരികളാണോ എന്ന് ചോദിച്ച് വെടിവെച്ചു; 5 മരണം; അമിത് ഷാ ശ്രീനഗറിലേക്ക്

Published : Apr 22, 2025, 06:30 PM ISTUpdated : Apr 22, 2025, 08:51 PM IST
ആക്രമിച്ചത് 3 ഭീകരർ, കശ്‌മീരികളാണോ എന്ന് ചോദിച്ച് വെടിവെച്ചു; 5 മരണം;  അമിത് ഷാ ശ്രീനഗറിലേക്ക്

Synopsis

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരാണ് തോക്കുമായി എത്തി വിനോദസഞ്ചാരികളെ ആക്രമിച്ചത്

ശ്രീനഗർ: ജമ്മു കശ്മീരിലെ പെഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ എണ്ണം അഞ്ചായതായി റിപ്പോർട്ട്. 20 ഓളം പേർക്ക് പരുക്കേറ്റു. അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാൻ പെഹൽഗാമിലെത്തിയ സഞ്ചാരികളെ മൂന്ന് ഭീകരരാണ് ആക്രമിച്ചതെന്നാണ് വിവരം. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം കശ്മീരിന് പുറത്തുനിന്നുള്ളവരാണെന്ന് മനസിലാക്കി ആക്രമിക്കുകയായിരുന്നു. 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 

ദി റെസിസ്റ്റൻറ് ഫ്രണ്ട്, ടിആർഎഫ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് റിപ്പോർട്ടുണ്ട്. സൈനിക വേഷം ധരിച്ചെത്തിയവരാണ്  ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമികൾ പല റൗണ്ട് വെടിയുതിർത്തെന്നും രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കുതിരപ്പുറത്ത് സവാരി ചെയ്തും ടെൻ്റിൽ വിശ്രമിച്ചും ചിത്രങ്ങളെടുത്തും തങ്ങളുടെ അവധി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികളാണ് ആക്രമിക്കപ്പെട്ടത്. പരുക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ തലക്ക് അടക്കം വെടിയേറ്റവരുണ്ടെന്ന് വിവരമുണ്ട്. സംഭവം നടന്ന സ്ഥലത്തേതെന്ന പേരിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സൗദി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് അമിത് ഷാ സാഹചര്യം വിലയിരുത്തി. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും ആക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞ അദ്ദേഹം താൻ ശ്രീനഗറിലേക്ക് പോവുകയാണെന്നും വ്യക്തമാക്കി.

ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു. സാധാരണക്കാർക്ക് നേരെ ഉണ്ടായ ആക്രമണം ഭീരുത്വവും അങ്ങേയറ്റം അപലപനീയവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രതികരിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ആക്രമണത്തെ അപലപിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു