മകന് പിന്നാലെ അച്ഛനും കുരുക്ക്; 'പരാതിക്കാരിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി', എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസ്

By Web Team  |  First Published May 3, 2024, 1:08 PM IST

ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാൾ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്ന് പരാതി


ബെംഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയ്ക്കെതിരെ പൊലീസ് കേസ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്ഡി രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാൾ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്ന് പരാതി. കേസിൽ രേവണ്ണ ഒന്നാം പ്രതി ആണ്. സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്. 

ഇതിനിടെ, പ്രജ്വല്‍ രേവണ്ണയക്കെതിരെ വീണ്ടും മറ്റൊരു ബലാത്സംഗക്കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിന് ശ്രമിച്ചു എന്നതാണ് കേസ്. എസ്ഐടി വിളിച്ചു വരുത്തി മൊഴി എടുത്ത ഇരകളിൽ ഒരാൾ ആണ് പരാതി നൽകിയത്. ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഇന്നലെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കിയത്.

Latest Videos

ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചത്. പ്രജ്വൽ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം. തിരിച്ചെത്താൻ ടിക്കറ്റ് ബുക്ക്‌ ചെയ്‌തെന്നും സൂചനയുണ്ട്.  

അതേ സമയം, ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എംഎൽഎ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമൻസയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വൽ രേവണ്ണയ്ക്കും അച്ഛൻ രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമൻസയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

'ഗതാഗത മന്ത്രിയുടെ ഭാവനക്ക് ഗ്രൗണ്ട് ഒരുക്കാൻ പണം ചെലവാക്കാനാകില്ല'; ചർച്ചയിൽ തീരുമാനമായില്ല, സമരം ശക്തമാക്കും


 

click me!