'മാണ്ഡിയില്‍ എത്തിച്ചത് ജനങ്ങളുടെ സ്നേഹം, ഉറപ്പായും വിജയിക്കും'; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കങ്കണ

By Web Team  |  First Published May 14, 2024, 2:52 PM IST

കങ്കണ റണൗത്തിന്‍റെ ലോക്‌സഭയിലേക്കുള്ള കന്നി മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് എതിര്‍ സ്ഥാനാര്‍ഥി


മാണ്ഡി: ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ജനങ്ങളുടെ സ്നേഹമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗത്ത്. ജന്‍മനാട് കൂടിയായ മാണ്ഡിയില്‍ ബിജെപി ടിക്കറ്റിലാണ് കങ്കണ മത്സരിക്കുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം കങ്കണ റണൗത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഏഴാംഘട്ട വോട്ടെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായിരുന്നു ഇന്ന്. 

'മാണ്ഡിയിലെ ജനങ്ങളും അവരുടെ സ്നേഹവുമാണ് എന്നെ ഇവിടെ എത്തിച്ചത്. രാജ്യത്തെ വനിതകള്‍ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യം അറിയിക്കുകയാണ്. ഏതാനും വർഷങ്ങൾ മുമ്പ് മാണ്ഡിയിൽ ഭ്രൂണഹത്യകൾ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് മാണ്ഡിയിലെ വനിതകള്‍ ആര്‍മിയിലുണ്ട്, വിദ്യാഭ്യാസ മേഖലകളിലുണ്ട്, രാഷ്ട്രീയത്തിലുണ്ട്. മാണ്ഡി ലോക്‌‌സഭ സീറ്റില്‍ നിന്ന് മത്സരിക്കുന്നത് അഭിമാനമാണ്. ബോളിവുഡിലെ വിജയം രാഷ്ട്രീയത്തിലും ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും കങ്കണ റണൗത്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യവിരുദ്ധ മനോഭാവം രാജ്യത്തിന് ആശങ്കയാണ് എന്ന് വിമര്‍ശിച്ച് കങ്കണ കടന്നാക്രമിച്ചു. കങ്കണ മാണ്ഡിയില്‍ നിന്ന് ഉറപ്പായും വിജയിക്കുമെന്ന് അമ്മ ആശ റണൗത്ത് പറഞ്ഞു.  

Latest Videos

ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത മണ്ഡലങ്ങളിലൊന്നാണ് മാണ്ഡി. കങ്കണ റണൗത്തിന്‍റെ ലോക്‌സഭയിലേക്കുള്ള കന്നി മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് എതിര്‍ സ്ഥാനാര്‍ഥി. ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകനാണ് വിക്രമാദിത്യ സിംഗ്. ജൂണ്‍ ഒന്നിനാണ് ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നാല് പാര്‍ലമെന്‍റ് സീറ്റുകളാണ് ഇവിടെയുള്ളത്. 2019ല്‍ വിജയിച്ച ബിജെപിയുടെ രാം സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഭാ സിംഗ് 8,766 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാണ്ഡിയില്‍ നിന്ന് വിജയിച്ചിരുന്നു. 

Read more: യുപിയില്‍ അഖിലേഷ് യാദവിന് നേര്‍ക്ക് ചെരുപ്പേറുണ്ടായോ? എന്താണ് വൈറല്‍ വീഡിയോയുടെ സത്യം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!