നാഗ തുളസി എന്ന വ്യക്തിക്കാണ് അജ്ഞാത മൃതദേഹവും അതിനോടൊപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്തും ലഭിച്ചത്.
അമരാവതി : ആന്ധ്രാപ്രദേശിൽ യുവതിയുടെ വീട്ടിലേക്കെത്തിയ പാഴ്സലില്‍ കണ്ട മൃതദേഹത്തിന് 4-5 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നും പോലീസ് പറഞ്ഞു. പശ്ചിമ ഗോദാവരിയിലെ യെൻഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന വ്യക്തിക്കാണ് അജ്ഞാത മൃതദേഹവും അതിനോടൊപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്തും ലഭിച്ചത്.
വീട് നിർമിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ നാഗ തുളസി അപേക്ഷ നൽകിയിരുന്നു. തുടർന്ന് നേരത്തെ ഇവർക്ക് സമിതിയിൽ നിന്ന് ടൈലുകൾ അയച്ചുകൊടുത്തിരുന്നു. കൂടുതൽ സഹായത്തിനായി ഇവർ വീണ്ടും സമിതിക്ക് അപേക്ഷ നൽകി. വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പുനൽകിയിരുന്നു. തുടർന്ന് ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകുമെന്ന് ഇവർക്ക് വാട്‌സ്ആപ്പിൽ സന്ദേശവും ലഭിച്ചു.
undefined
ഈ സഹാചര്യത്തിലാണ് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലേക്ക് പാഴ്സലെത്തുന്നത്. പാഴ്സൽപ്പെട്ടി വീട്ടുവാതിൽക്കൽ എത്തിച്ചയാൾ അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിച്ച ശേഷം മടങ്ങിപ്പോയി. തുളസി പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. മൃതദേഹത്തോടൊപ്പമുള്ള കത്തിൽ 1.30 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ കുടുംബം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കുറിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം പരിഭ്രാന്തരാവുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാഴ്‌സൽ എത്തിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ ദിവസം മുമ്പ് മരിച്ചതാകാമെന്നും പോലീസ് പറഞ്ഞു. ആളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ചുറ്റുമുള്ള പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാണാതായ പരാതികൾ പരിശോധിച്ച് വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം