നമ്മൾ നിർഭയ പഠിപ്പിച്ച പാഠങ്ങളോർത്തെടുക്കുമ്പോഴും നിർഭയ ചികിത്സയിൽ കഴിഞ്ഞ അതേ ആശുപത്രിയിൽ ഒരു പെൺകുട്ടി പൊള്ളലേറ്റ് നീറി കരയുന്നുണ്ട്. അതെ, നിയമങ്ങളില്ലാത്തത് കൊണ്ടല്ല, സ്ത്രീ സുരക്ഷ സ്ത്രീയുടെ മാത്രമല്ല പുരുഷന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്‍റെയും പ്രശ്നമാണെന്ന് തിരിച്ചറിയപ്പെടുന്നിടം വരെ നിര്‍ഭയമാര്‍ക്ക് കരയേണ്ടിവരുന്നതും.
2012 ഡിസംബർ പതിനാറിനാണ് ഇന്ത്യയെ നടുക്കിക്കൊണ്ട് രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഓടുന്ന ബസില്‍ വച്ച് ഇരുപത്തിമൂന്നുകാരിയെ ആറ് പേര്‍ ചേര്‍ന്ന് ഏതാണ്ട് രണ്ട് മണിക്കൂറുളം ബലാത്സംഗത്തിന് വിധേയയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞത്. അവിടം മുതൽ 'നിർഭയ' എന്ന വാക്കിനെ നമ്മൾ സ്ത്രീസുരക്ഷയുമായി ചേർത്ത് വെക്കാൻ തുടങ്ങി. രാജ്യത്തൊരു പക്ഷേ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പ്രതിഷേധങ്ങള്‍ പടര്‍ന്ന് കയറിയതും അന്നാദ്യമായാവും. അത്കൊണ്ട് തന്നെ ഇന്ത്യയിൽ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം നിര്‍ഭയയ്ക്ക് മുമ്പും പിമ്പും എന്ന് വേണം കണക്കാക്കന്‍.
രാജ്യ തലസ്ഥാനത്ത്, പാർലമെന്‍റിന് വെറും പതിനൊന്ന് കിലോമീറ്റർ ഇപ്പുറത്തുള്ള ബസ്റ്റോപ്പിൽ വച്ചാണ് ആ പാരമെഡിക്കൽ വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം സ്വകാര്യ ബസിൽ കയറിയത്. ആ ബസിനുള്ളിൽ അവൾ അനുഭവിച്ചതൊന്നും ഇനിയും പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും ആരും മറക്കാനിടയില്ല. തന്‍റെ അവസാന ശ്വാസം വരെയും ജീവിക്കാന്‍ വേണ്ടി പോരാടിയത് കൊണ്ടാണ് അവളെ നമ്മൾ 'നിർഭയ' എന്ന് വിളിച്ചതും. ഏറ്റവും ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ അവളെ അവർ റോഡില്‍ ഉപേക്ഷിച്ചു. അവിടം മുതൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മുറിവായി നിർഭയ മാറി. രാത്രിയിറങ്ങി നടന്ന പെണ്ണിനെ വിമർശിച്ചവരുടെ വായടപ്പിക്കാനും തിരുത്തി അവരെ സ്വയം ചിന്തിപ്പിക്കാനും അന്ന് നടന്ന പ്രതിഷേധങ്ങൾക്ക് കഴിഞ്ഞു. അതിജീവിതയുടെ മാത്രം ഭാഗം കേൾക്കാനും പറയാനും നമ്മൾ പഠിച്ചു. നിർഭയ എന്ന പേരിൽ രാജ്യത്ത് പദ്ധതികൾ വന്നു. സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രചാരണങ്ങൾ നടന്നു. നിയമം ഭേദഗതി ചെയ്തു. രാജ്യം പിന്നെയും പത്ത് വർഷം മുന്നോട്ട് പോയി. അതിനിടെ എന്ത് മാറ്റമാണ് ഇവിടെ സംഭവിച്ചത്?
undefined
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിൽ ഉണ്ടായത് 50 ശതമാനം വർദ്ധനയാണെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. സ്റ്റാറ്റിസ്റ്റ എന്ന ഏജൻസിയുടെ പഠനത്തിൽ 2011 നും 2021 നും ഇടയിൽ രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്നു. 2021 ൽ പ്രതിദിനം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 87 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ മണിക്കൂറിലും 49 സ്ത്രീകളെങ്കിലും ആക്രമിക്കപ്പെടുന്നു എന്നർത്ഥം. നമ്മുടെ കൊച്ചു കേരളത്തിൽ ആ വർഷം 700 -ൽ പരം സ്ത്രീകൾ ആക്രമിക്കപ്പെട്ടു എന്ന് കൂടി അറിയണം.
2013 ൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിർഭയ ഫണ്ട് തുടങ്ങി. നിർഭയ ഫണ്ടിനായി നീക്കി വച്ച 6212.85 കോടി രൂപ ഇതുവരെ പൂർണ്ണമായും ഉപയോഗിച്ചിട്ടില്ല എന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ മാർച്ചിൽ പാർലമെൻറിൽ അറിയിച്ചത്. മഹാരാഷ്ട്രയിൽ നിർഭയ ഫണ്ട് ഉപയോഗിച്ച് ഷിൻഡെ വിഭാഗത്തിന് സുരക്ഷയൊരുക്കിയ വാർത്തയും അതിനിടെ നമ്മള്‍ കണ്ടു.
അപ്പോഴും നമ്മള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. ഫാസ്റ്റ് കോർട്ട് കോടതിയിൽ തീർപ്പാക്കിയ കേസില്‍, മകള്‍ക്ക് നീതി തേടി നിർഭയയുടെ അമ്മ ആശാദേവി കോടതികൾ കയറിയിറങ്ങിയത് എട്ട് വർഷമാണ്. ഒടുവില്‍ ആ ക്രൂരകൃത്യം ചെയ്ത മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ തൂക്കിലേറ്റിയത് 2020 മാർച്ച് ഇരുപതിന്. പക്ഷേ, ആ അമ്മയുടെ പേരാട്ടം അവിടം കൊണ്ടും അവസാനിച്ചില്ല. 2021 ൽ ദില്ലി പുരാന നങ്കലിൽ ഒരു പത്ത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടപ്പോൾ, അവിടേക്കും ആശാ ദേവി എത്തി. ഇന്ത്യയുടെ മകളെന്ന് നമ്മൾ വിളിക്കുന്ന നിർഭയയുടെ പെറ്റമ്മ അന്ന് പറഞ്ഞത് നിയമവും, പദ്ധതികളും ഇല്ലാത്തതല്ല പ്രശ്നമെന്നാണ്. ഇക്കഴിഞ്ഞ ദിവസവും ദില്ലിയിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നടുറോട്ടിൽ ആസിഡൊഴിക്കപ്പെട്ടു. ഇവിടെ നമ്മൾ നിർഭയ പഠിപ്പിച്ച പാഠങ്ങളോർത്തെടുക്കുമ്പോഴും നിർഭയ ചികിത്സയിൽ കഴിഞ്ഞ അതേ ആശുപത്രിയിൽ ഒരു പെൺകുട്ടി പൊള്ളലേറ്റ് നീറി കരയുന്നുണ്ട്. അതെ, നിയമങ്ങളില്ലാത്തത് കൊണ്ടല്ല, സ്ത്രീ സുരക്ഷ സ്ത്രീയുടെ മാത്രമല്ല പുരുഷന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്‍റെയും പ്രശ്നമാണെന്ന് തിരിച്ചറിയപ്പെടുന്നിടം വരെ നിര്‍ഭയമാര്‍ക്ക് കരയേണ്ടിവരുന്നതും.