'സത്യമായിട്ടും ടീച്ചറിന്‍റെ 35 രൂപ എടുത്തിട്ടില്ല'; കുട്ടികളെ ക്ഷേത്രത്തിൽ വച്ച് സത്യം ചെയ്യിപ്പിച്ച് അധ്യാപിക

By Web Team  |  First Published Feb 24, 2024, 11:43 AM IST

അധ്യാപികയുടെ പെരുമാറ്റത്തിൽ ഗ്രാമവാസികൾ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും സ്കൂൾ പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.


പാറ്റ്ന: തന്‍റെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി സത്യം ചെയ്യിച്ച അധ്യാപികയ്ക്ക് കുരുക്ക്. തന്‍റെ പേഴ്സിൽ നിന്ന് 35 രൂപ മോഷ്ടിച്ചിട്ടില്ലെന്ന് ദൈവനാമത്തിൽ സത്യം ചെയ്യുന്നതിനായി സ്‌കൂൾ വിദ്യാർത്ഥികളെ മുഴുവൻ അടുത്തുള്ള ക്ഷേത്രത്തിലേക്ക് ടീച്ചര്‍ കൊണ്ടു പോയെന്നാണ് ആരോപണം. ബീഹാറിലാണ് സംഭവം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബങ്ക ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിൽ നിയമിച്ച ഒരു വനിതാ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച സ്ഥലം മാറ്റി.

അധ്യാപികയുടെ പെരുമാറ്റത്തിൽ ഗ്രാമവാസികൾ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും സ്കൂൾ പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. ബുധനാഴ്ച രാജൗൺ ബ്ലോക്കിലെ അസ്മാനിചക് ഗ്രാമത്തിലെ സ്‌കൂളിൽ എത്തിയ വിദ്യാർഥിനിയോട് സ്‌കൂൾ അധ്യാപിക നീതു കുമാരി തന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പി കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീച്ചര്‍ പേഴ്സ് പരിശോധിച്ചപ്പോള്‍ 35 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി.

Latest Videos

വിദ്യാര്‍ത്ഥികളോട് പണം നഷ്ടപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ എടുത്തിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് അധ്യാപിക എല്ലാ കുട്ടികളെയും അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ദൈവനാമത്തിൽ സത്യം ചെയ്യിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആകെ 122 വിദ്യാർഥികൾ സ്‌കൂളിൽ ഉണ്ടായിരുന്നു. ഡ്യൂട്ടിയിലെ നീതു കുമാരി മാത്രമാണ് ഉണ്ടായിരുന്നത്. സ്‌കൂളിൽ ആകെ രണ്ട് അധ്യാപകർ മാത്രമാണുള്ളത്. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്‌കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഇതോടെയാണ് അധികൃതര്‍ നടപടിയെടുക്കാൻ നിർബന്ധിതരായത്. 

അധികാരമേറ്റിട്ട് 33 മാസം; 30 ലക്ഷം തൊഴിലവസരങ്ങൾ, 8.65 ലക്ഷം കോടിയുടെ നിക്ഷേപമെത്തി; നേട്ടം കൊയ്യുന്ന തമിഴകം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!