വാഷ്റൂമിൽ പോയ ഒരു അധ്യാപിക തന്നെ അസ്വഭാവികത കണ്ട് എന്താണെന്ന് പരിശോധിക്കുകയായിരുന്നു. ക്യാമറയിൽ നിന്ന് വളരെ ചെറിയ വെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
നോയിഡ: സ്കൂളിൽ അധ്യാപികമാരുടെ വാഷ് റൂമിനുള്ളിൽ രഹസ്യ ക്യാമറ വെച്ച സ്കൂൾ ഡയറക്ടറെ പൊലീസ് പിടികൂടി. ഇയാൾക്ക് സ്വന്തം കംപ്യൂട്ടറിലും മൊബൈൽ ഫോണിലും തത്സമയം ദൃശ്യങ്ങൾ കാണാവുന്ന തരത്തിലായിരുന്നു ക്യാമറ ക്രമീകരിച്ചിരുന്നത്. സ്കൂളിലെ ഒരു അധ്യാപിക തന്നെയാണ് ക്യാമറ കണ്ടെത്തിയരും പൊലീസിൽ വിവരം അറിയിച്ചതും.
നോയിഡ സെക്ടർ 70ൽ പ്രവർത്തിക്കുന്ന ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. വാഷ്റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒരു അസാധാരണ വസ്തു വെച്ചിരിക്കുന്നത് ഒരു അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതിൽ നിന്ന് ചെറിയ തോതിൽ ലൈറ്റ് പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപികയ്ക്ക് സംശയം തോന്നി. സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം തിളങ്ങുന്ന വസ്തു ബൾബ് ഹോൾഡറിൽ നിന്ന് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് രഹസ്യ ക്യാമറയാണെന്ന് മനസിലായത്.
undefined
അധ്യാപിക ഉടൻ തന്നെ വിവരം സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിച്ചു. അയാൾ സ്ഥലത്തെത്തി ക്യാമറ തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. ശേഷം സ്കൂൾ ഡയറക്ടർ നവനീഷ് സഹായ്, സ്കൂൾ കോഓർഡിനേറ്റർ പാറുൾ എന്നിവരെ അറിയിച്ചെങ്കിലും ഇവർ രണ്ടു പേരും ഒന്നും അറിയില്ലെന്ന് മറുപടി നൽകുകയായിരുന്നു. മാത്രമല്ല അധ്യാപിക വിഷയം ഉന്നയിച്ച ശേഷം രണ്ട് പേരും ഒരു നടപടിയും സ്വീകരിച്ചതുമില്ല.
അധ്യാപിക പിന്നീട് പൊലീസിനെ സമീപിച്ചു. നോയിഡ സെൻട്രൽ ഡിസിപി ശക്തി മോഹൻ അവാസ്തിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും ഇതിന് പുറമെ ഇവ ലൈവായി മറ്റൊരിടത്തേക്ക് അയക്കപ്പെടുന്നതായും പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ സ്കൂൾ ഡയറക്ടർ നവനീഷ് സഹായ് അറസ്റ്റിലായി.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഓൺലൈനിൽ 22,000 രൂപ കൊടുത്ത് വാങ്ങിയതാണ് ക്യാമറ. ബൾബ് ഹോൾഡറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്ത ക്യാമറയാണിത്. വളരെ സൂക്ഷ്മമായി പരിശോധിച്ചാലല്ലാതെ കണ്ടെത്താൻ സാധിക്കില്ലായിരുന്നു. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണും ലാപ്ടോപ്പും അടക്കമുള്ള ഉപകരണങ്ങളിലേക്ക് തത്സമയം എത്തിച്ചിരുന്നു. ഇതും പൊലീസ് കണ്ടെത്തി.
ഇത് ആദ്യത്തെ സംഭവമല്ലെന്നും നേരത്തെയും സ്കൂളിലെ വാഷ്റൂമിൽ നിന്ന് ക്യാമറ ലഭിക്കുകയും ഇക്കാര്യം കോഡിനേറ്ററെ അറിയിക്കുകയും ചെയ്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഡയറക്ടർ തന്നെയാണ് ക്യാമറ സ്ഥാപിച്ചതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇയാളുടെ സഹായം ഡയറക്ടർക്ക് കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാവുന്നത് വരെ സ്കൂളിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണിപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം