ഹുന്‍സാഗിയിലെ പ്രൈമറി സ്കൂൾ ടീച്ചർക്കടക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 445 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരു: കർണാടകത്തിൽ പത്താം ക്ലാസ് പരീക്ഷ പുരോഗമിക്കുന്നതിനിടെ വിദ്യാർത്ഥിക്കും ഇൻവിജിലേറ്റർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ഹാസൻ ജില്ലയിൽ ഇന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കവേ ആണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം അറിഞ്ഞ സ്കൂൾ അധികൃതർ പരീക്ഷാ ഹാളിൽ നിന്നും മറ്റൊരു മുറിയിലേക്ക് കുട്ടിയെ മാറ്റി പരീക്ഷ പൂർത്തിയാക്കി. പരീക്ഷയ്ക്ക് ശേഷം കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുംകൂരു ജില്ലയിലെ പാവഗാഡിലാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം ഹാളിലുണ്ടായിരുന്നവരോടും ഇൻവിജിലേറ്ററുടെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹുന്‍സാഗിയിലെ പ്രൈമറി സ്കൂൾ ടീച്ചർക്കടക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 445 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം കർണാടകത്തില്‍ വിദ്യാർത്ഥികൾക്ക് ദിവസവും കുറച്ച് മണിക്കൂറുകളെങ്കിലും ഓൺലൈന്‍ ക്ലാസ് നടത്തുന്നത് പരിഗണിക്കാൻ സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു. വ്യാപക വിമർശനമുയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ചാംക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഓൺലൈന്‍ ക്ലാസുകൾ നേരത്തെ നിർത്തി വച്ചിരുന്നു. കുട്ടികളുടെ പഠനം മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിഷയത്തില്‍ സർക്കാർ വൈകാതെ മറുപടി സർപ്പിക്കും.
കൊവിഡ് വ്യാപനത്തിനിടയിലും 78 കോടി മുടക്കി ബംഗളൂരു നഗര സ്ഥാപകനായ കെംപഗൗഡയുടെ പ്രതിമ സ്ഥാപിക്കാനായി കർണാടക സർക്കാർ നടപടികൾ തുടങ്ങി. ബംഗളൂരു വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്ന പ്രതിമയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവഹിച്ചു. 108 അടി ഉയരമുള്ളതാണ് പ്രതിമ. എച്ച് ഡി ദേവഗൗഡയും, ഡി.കെ ശിവകുമാറുമടക്കമുള്ള നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു.
ബംഗളൂരുവില്‍ ജനജീവിതം സ്തഭിക്കുന്ന രീതിയില്‍ ഇനി ലോക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി. രോഗ പ്രതിരോധത്തിനൊപ്പം ജനങ്ങളുടെ ജീവിതവും പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിവസങ്ങളായി ബംഗളൂരു നഗരം പൂർണമായും അടയ്ക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.