മുസ്ലിം സംവരണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് ടിഡിപി; സ്പീക്കർ പദവിയും വേണം, എൻഡിഎ യോ​ഗം തുടങ്ങി

By Web Team  |  First Published Jun 7, 2024, 11:36 AM IST

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നരേന്ദ്രമോദി മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് സംവരണത്തെ കടന്നാക്രമിച്ചിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ടിഡിപിയുടെ നിലപാടുകൾ ബിജെപിയ്ക്ക് തലവേദനയാവും. അതിനിടെ, എൻഡിഎ യോ​ഗത്തിനായി എൽജെപി ചിരാ​ഗ് പാസ്വാൻ ദില്ലിയിലെത്തി. 


ദില്ലി: ആന്ധ്രപ്രദേശിൽ 4% മുസ്ലിം സംവരണം നിലനിർത്തുമെന്ന പ്രകടനപത്രികാ വാഗ്ദാനത്തിൽ നിന്ന് ടിഡിപി ഒരു കാരണവശാലും പിന്നാക്കം പോകില്ലെന്ന് റിപ്പോർട്ട്. സ്പീക്കർ പദവിയിലും ടിഡിപി ഉറച്ച് നിൽക്കുകയാണെന്നാണ് നിലവിൽ പുറത്തു വരുന്ന സൂചന. എൻഡിഎ സർക്കാരിന് പിന്തുണയുമായി മുന്നോട്ടു പോവുന്ന ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി ദില്ലിയിൽ എത്തിയിരുന്നു. താൻ മുന്നോട്ടുവെച്ച ആവശ്യങ്ങളുമായി നായിഡു വിലപേശൽ തുടരുകയാണ്. അതേസമയം, എൻഡിഎ യോഗം തുടങ്ങി. നരേന്ദ്രമോദി, അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നരേന്ദ്രമോദി മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് സംവരണത്തെ കടന്നാക്രമിച്ചിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ടിഡിപിയുടെ നിലപാടുകൾ ബിജെപിയ്ക്ക് തലവേദനയാവും. എൽജെപി ചിരാ​ഗ് പാസ്വാനെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുത്തു. മോദിയുടെ നേതൃത്വത്തിൽ ഉറച്ചു നിൽക്കുമെന്ന് ചിരാ​ഗ് പാസ്വാൻ പറഞ്ഞു. ഒരു ഉപാധിയും ആരും വച്ചിട്ടില്ല. ഇന്ന് എൻഡിഎ സർക്കാർ രൂപീകരിക്കാനുള്ള കത്ത് രാഷട്രപതിക്ക് നൽകുമെന്നും പാസ്വാൻ പ്രതികരിച്ചു. സർക്കാർ അ​ഗ്നീവീർ പദ്ധതി തുടരണോയെന്നതിൽ ഒന്നിച്ച് തീരുമാനമെടുക്കും. എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ച നടത്താൻ സ്വാതന്ത്ര്യമുണ്ട്. ചർച്ചയ്ക്കായി പ്രധാനമന്ത്രി സ്വാതന്ത്യം നൽകുന്നത് നല്ല കാര്യം. ഇതുവരെ പദ്ധതിയിലൂടെ എത്ര പേർക്ക് ​ഗുണമുണ്ടായെന്ന് അറിയില്ലെന്നും ചിരാ​ഗ് പാസ്വാൻ പറഞ്ഞു.

Latest Videos

undefined

മോദി ഉടൻ തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പ്രതികരിച്ചു. പ്രതിപക്ഷത്തെ ജനം തള്ളി കളഞ്ഞു. മോദിക്ക് ഘടക കക്ഷികളുടെ പൂർണ പിന്തുണയുണ്ടെന്നും ഷിൻഡെ പറഞ്ഞു. എൻഡിഎ യോ​ഗത്തിൽ യോ​ഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്. പാർലമെന്‍റിലെ സെൻട്രൽ ഹാളിലാണ് യോ​ഗം. യോ​ഗത്തിൽ നരേന്ദ്രമോദിയെ പാർലമെന്‍റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുത്തു. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷൻമാരും ഈ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നൽകും. ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കൾ ദില്ലിയില്‍ എത്തും. അതേസമയം സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.  

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

https://www.youtube.com/watch?v=Ko18SgceYX8

click me!