ടാറ്റൂ ആർടിസ്റ്റിന്റെ യഥാർത്ഥ ലക്ഷ്യം മറ്റൊന്ന്; ഉപഭോക്താക്കളുമായി സംസാരിച്ച് ആവശ്യം മനസിലാക്കി ലഹരി വിൽപന

By Web Desk  |  First Published Jan 1, 2025, 1:58 PM IST

ടാറ്റൂ ജോലിക്കായി ഒരിക്കൽ പോയ സ്ഥലത്തു നിന്നുള്ള പരിചയമാണ് എളുപ്പത്തിൽ പണമുണ്ടാക്കുന്ന വിദ്യയെക്കുറിച്ചുള്ള അറിവ് കൊടുത്തത്.


ബംഗളുരു: ബംഗളുരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ ടാറ്റൂ ആർടിസ്റ്റ്, വൻ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. 3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40 എൽഎസ്‍ഡി സ്‍ട്രിപ്പുകൾ, 130 ഗ്രാം ചരസ്, 2.3 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകൾ, ത്രാസുകൾ എന്നിവയും രണ്ട് മൊബൈൽ ഫോണുകളും രണ്ടര കോടി രൂപയും പിടിച്ചെടുത്തു.

യെലഹങ്കയിലെ ചൊക്കനഹള്ളി ഗ്രാമത്തിൽ നിന്ന് പിടിയിലായ 31കാരൻ രക്ഷിത് രമേഷിൽ നിന്ന് കണ്ടെത്തിയതാവട്ടെ 1.30 കോടി രൂപയും. ലഹരി വിൽപനയിലെ മുഖ്യ കണ്ണിയായ തവനിഷ് എന്നയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ ടാറ്റൂയിങ് കോഴ്സ് പഠിച്ച ശേഷം കഴിഞ്ഞ ആറ് വർഷമായി ഫ്രീലാൻസ് ടാറ്റൂ ആർടിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് രക്ഷിത് തവനിഷിനെ കണ്ടത്. ടാറ്റൂ ചെയ്യാനായി പോയ സ്ഥലത്തു നിന്നായിരുന്നു പരിചയം. തവനിഷാണ് പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയെന്ന നിലയിൽ ലഹരിക്കടത്ത് പരിചയപ്പെടുത്തിക്കൊണ്ടുത്തത്.

Latest Videos

തായ്ലൻഡിൽ നിന്നാണ് ഹൈഡ്രോ ക‍ഞ്ചാവ് എത്തിച്ചിരുന്നത്. ഗോവയിൽ നിന്ന് എൽഎസ്‍ഡി സ്ട്രിപ്പുകളും ഹിമാചലിൽ നിന്ന് ചരസും തെലങ്കാനയിൽ നിന്ന് കഞ്ചാവും എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു. തവനിഷ് ഒരിക്കൽ രക്ഷിതിനെ തായ്ലന്റിൽ കൊണ്ടുപോയി ലഹരി ശൃംഖലയുമായി പരിചയപ്പെടുത്തി. ടാറ്റു ചെയ്യാൻ പോകുന്ന സ്ഥലങ്ങളിൽ ഉപഭോക്താക്കളോട് ലഹരി വസ്തുക്കളെപ്പറ്റി പറയുകയും അവരുടെ താത്പര്യമനുസരിച്ച് വിൽപന നടത്തുകയും ചെയ്തുപോന്നു. വിദ്യാർത്ഥികളും ബിസിനസുകാരും ഒക്കെ ഉൾപ്പെട്ട വലിയ ഒരു ശൃംഖല തന്നെ ഇയാൾ രൂപീകരിക്കുകയും ചെയ്തു. 

ഓർഡറെടുത്ത് ഓൺലൈനായി പണം സ്വീകരിച്ച ശേഷം പ്രത്യേക സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ കൊണ്ട് വയ്ക്കുകയും അവയുടെ ചിത്രമെടുത്ത് അയച്ചു കൊടുക്കുകയുമായിരുന്നു രീതി. പുതിയ ഉപഭോക്താക്കളുമായി ഒരിക്കലും നേരിട്ട് ബന്ധപ്പെടുകയില്ല. രക്ഷിതിന്റെ പ്രവർത്തനങ്ങളൊന്നും മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും ഇയാൾ വീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചത് മാതാപിതാക്കൾ അറിയാതെയായിരുന്നു എന്നുമാണ് റിപ്പോർട്ട്. എൻഡിപിഎസ് നിയമ പ്രകാരം കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!