പൊരുതി നേടി പതാക ഉയർത്തി സുധയും അമൃതവും; ജാതി മേലാളന്മാരെ തോൽപ്പിച്ച ദേശീയ പതാകകൾ, അത്രമേൽ വജ്രത്തിളക്കം!

By Sujith Chandran  |  First Published Aug 16, 2022, 10:52 PM IST

തമിഴകത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പതാകകളിൽ രണ്ടെണ്ണത്തെപ്പറ്റി എണ്ണിപ്പറയേണ്ടതുണ്ട്. വജ്രത്തിളക്കമുള്ള ആ രണ്ട് പതാകകൾ ഉയർത്തിയ രണ്ട് ദളിത് വനിതകളാണ് വി സുധയും വി അമൃതവും


കഴിഞ്ഞ മൂന്ന് ദിവസം രാജ്യത്ത് കോടിക്കണക്കിന് ദേശീയ പതാകകൾ ഉയർന്നു പാറിയിട്ടുണ്ടാകും. വീടുകളിൽ, തൊഴിൽ ശാലകളിൽ, വിദ്യാലയങ്ങളിൽ, സർക്കാർ മന്ദിരങ്ങളിൽ, ചരിത്ര സ്മാരകങ്ങളിൽ, മഹാ നിർമിതികളിൽ ഒക്കെ ത്രിവർണ പതാക ഉയർന്നു. തമിഴകത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പതാകകളിൽ രണ്ടെണ്ണത്തെപ്പറ്റി എണ്ണിപ്പറയേണ്ടതുണ്ട്. വജ്രത്തിളക്കമുള്ള ആ രണ്ട് പതാകകൾ ഉയർത്തിയ രണ്ട് ദളിത് വനിതകളാണ് വി സുധയും വി അമൃതവും.

തമിഴ്നാട് വിഴുപ്പുരം ജില്ലയിലെ എടുത്തവായ്‍നത്തം പഞ്ചായത്ത് പ്രസിഡന്‍റ് വി.സുധയ്ക്കും തിരുവള്ളൂർ ജില്ലയിലെ ആത്തുപ്പാക്കം പഞ്ചായത്ത് പ്രസിഡന്‍റ് വി അമൃതത്തിനും ദേശീയപതാക ഉയർത്താനുള്ള അവസരം സ്വയം വന്നുചേർന്നതല്ല, അതവർ പൊരുതി നേടിയതാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആയിരുന്നിട്ടുകൂടി പതാക ഉയർത്തുന്നതിൽ നിന്ന് അവരവരുടെ ഗ്രാമങ്ങളിലെ ജാതിമേലാളന്മാർ ഇരുവരേയും വിലക്കിയിരുന്നു. ആ വിലക്കിനെതിരെ സധൈര്യം പോരാടി വിജയിച്ചാണ് ഇവർ രണ്ടും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ മൂവർണക്കൊടി ഉയർത്തിയത്.

Latest Videos

undefined

'ഹര്‍ ഘര്‍ തിരംഗ'യെ നെഞ്ചേറ്റി രാജ്യം; വിറ്റത് 30 കോടി ദേശീയ പതാകകള്‍, കോടികളുടെ വരുമാനം

“ഒരു ദളിത് സ്ത്രീക്ക് അവളുടെ അവകാശങ്ങൾ സമരം ചെയ്തുതന്നെ വാങ്ങേണ്ടിവരും” ഒരാഴ്ച മുമ്പ് എടുത്തവായ്‍നത്തം പഞ്ചായത്ത് പ്രസിഡന്‍റ് വി.സുധ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. അവർ പോരാടി, വിജയിച്ചു, പതാക ഉയർത്തി.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ എടുത്തവായ്‍നത്തം പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള സർക്കാർ ഹയർ സെക്കന്‍ററി സ്കൂളിൽ പതാക ഉയർത്താനെത്തിയപ്പോഴാണ് സുധയെ സ്കൂളിലെ പിടിഎ നേതൃത്വം തടഞ്ഞത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം പഞ്ചായത്ത് പ്രസിഡന്‍റ് പതാക ഉയർത്തുന്നതായിരുന്നു സ്കൂളിലെ പതിവ്. അതനുസരിച്ചാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് സുധ പഞ്ചായത്ത് ഓഫീസിലെ ചടങ്ങിന് ശേഷം പ്രസിഡന്‍റുമാർ പതിവുപോലെ ചെയ്തുപോരുന്ന പതാക ഉയർത്തൽ ചടങ്ങിനായി സ്കൂളിലെത്തിയത്. തങ്ങൾ നോക്കിനിൽക്കെ ദളിത് വനിത പതാക ഉയർത്തുന്നത് മേൽജാതിക്കാർക്ക് ഭൂരിപക്ഷമുള്ള പിടിഎക്ക് സഹിക്കാനാകുമായിരുന്നില്ല. തമിഴകത്തെ ജാതിഘടനയിലെ ഇടത്തട്ടുകാരായ വണ്ണിയർ സമുദായ അംഗങ്ങൾക്കായിരുന്നു എതിർപ്പ്. പതാക ഉയർത്താൻ അനുവദിക്കാതെ അവർ സുധയെ അപമാനിച്ച് തിരിച്ചയച്ചു.

എംഡിഎംകെ പാർട്ടിയുടെ പ്രതിനിധിയാണ് സുധ. എംഡിഎംകെയും ഡിഎംകെയും ഇടതുകക്ഷികളും അടങ്ങുന്ന സഖ്യമാണ് എടുത്തവായ്‍നത്തം പഞ്ചായത്ത് ഭരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ അപമാനം ആവർത്തിക്കാതിരിക്കാൻ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് ഭരണനേതൃത്വം സ്കൂളിലെ പ്രധാന അധ്യാപകനെ സമീപിച്ച് പതാക ഉയർത്താൻ സുധയെ അനുവദിക്കണം എന്നാവശ്യപ്പെട്ടു. പക്ഷേ അവർ പ്രതീക്ഷിച്ചതുപോലെ തന്നെ പിടിഎ വഴങ്ങിയില്ല. പ്രധാന അധ്യാപകൻ പതാക ഉയർത്തിയാൽ മതിയാകും എന്നായിരുന്നു ജാത്യാഹങ്കാരത്തിന്‍റെ നിലപാട്. ഇതേത്തുടർന്ന് സുധ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഈ ഘട്ടത്തിലാണ് സുധ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചത്.

ജനങ്ങൾ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെ ജാതിമേലാളന്മാർ രാജ്യത്തിന്‍റെ ദേശീയപതാക ഉയർത്തുന്നതിൽ നിന്ന് തടയുന്നത് തമിഴ്നാടിന് പുറത്തേക്കും വാർത്തയായതോടെ അടിയന്തര കൂടിയാലോചനകളും സമവായ ചർച്ചകളും സന്ധിസംഭാഷണങ്ങളും നടന്നു. പഞ്ചായത്ത് ഭരണസമിതിയും ഗ്രാമത്തിലെ പ്രമുഖരും പിടിഎ നേതൃത്വവും പൊലീസിന്‍റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. ശക്തമായ സമ്മ‍ർദ്ദത്തിൽ പിടിഎ നേതൃത്വം വഴങ്ങി. പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ പതാക ഉയർത്തുമെന്നും പൊലീസ് അതിന് മതിയായ സംരക്ഷണം നൽകുമെന്നും ഒടുവിൽ തീരുമാനമായി.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ പതാക ഉയർത്തിയതിന് ശേഷം സുധ ഉയർന്ന ശിരസുമായി തൊട്ടടുത്ത സ്കൂൾ കോമ്പൗണ്ടിലേക്ക് ചെന്നു. എടുത്തവായ്‍നത്തം വില്ലേജ് ഹയർ സെക്കന്‍ററി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ശങ്കരപുരം എംഎൽഎ ഉദയസൂര്യനും ഗ്രാമവാസികളും സ്കൂളിലെ പൂർവ വിദ്യാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമെല്ലാം എത്തിയിരുന്നു. എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യത്തിന്‍റേയും സ്വാഭിമാനത്തിന്‍റേയും അർത്ഥം പ്രകാശിപ്പിച്ചുകൊണ്ട് സ്കൂൾ കൊടിമരത്തിൽ സുധ ഉയർത്തിയ ത്രിവർണപതാക ഉയർന്നുപാറി. ഒന്നല്ല, മൂന്ന് സ്കൂളുകളിൽ വി.സുധ ഈ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തി. തൊട്ടടുത്ത രണ്ട് സ്കൂൾ അധികൃതർ കൂടി ഇത്തവണ പ്രസിഡന്‍റിനെ അവരുടെ സ്കൂളുകളിൽ പതാക ഉയർത്താൻ വിളിക്കുകയായിരുന്നു.

അയിത്തത്തെ തോൽപ്പിച്ച് അമൃതം പതാക ഉയർത്തിയ കഥ

തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടി ബ്ലോക്കിൽപ്പെട്ട ആത്തുപ്പാക്കം പഞ്ചായത്ത് പ്രസിഡന്‍റ് വി.അമൃതം നേരിട്ട വിവേചനം കുറച്ചുകൂടി തീക്ഷ്ണമായിരുന്നു. ഭൂരഹിത കർഷക തൊഴിലാളിയായ ദളിത് വനിത അമൃതത്തെ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യം പഞ്ചായത്ത് പ്രസിഡന്‍റാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ആയിരുന്നു അമൃതം മത്സരിച്ച് ജയിച്ചത്. സുധയുടെ കാര്യത്തിലെന്നപോലെ അമൃതത്തെയും അതംഗീകരിക്കാൻ ഗ്രാമത്തിലെ ജാതി മനസ്സുകൾ തയ്യാറായിരുന്നില്ല. ഭരണസഖ്യത്തിന്‍റെ പിന്തുണയെങ്കിലും സുധയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഒപ്പം നിൽക്കാൻ ഒരാൾ പോലുമില്ലാത്ത നിലയായിരുന്നു അമൃതത്തിന്. മേൽജാതിക്കാരായ സഹ മെംബർമാരും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും അവരോട് സഹകരിക്കാനും സംസാരിക്കാൻ പോലും വിസമ്മതിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ഒൻപത് കൗൺസിലർമാർ അമൃതം വിളിക്കുന്ന പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നുപോലും വിട്ടുനിൽക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് ഡെവല്പ്‍മെന്‍റ് ഓഫീസറും ജാതിവിവേചനം കാട്ടി അകന്നുനിന്നു.  നിസ്സഹകരണത്തിന് കാരണം ജാതിയാണെന്ന് ആരും നേരിട്ട് പറയില്ലെങ്കിലും കടുത്ത ജാതി വിവേചനം തന്നെയാണെന്ന് എല്ലാവർക്കും അറിയാമെന്ന് അമൃതത്തിന്‍റെ മകൻ ശശികുമാർ പറയുന്നു

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പതാക ഉയർത്താൻ അമൃതത്തെ അനുവദിച്ചിരുന്നില്ല. 2020ൽ പഞ്ചായത്തിലെ ഒരു സ്കൂളിൽ പതാക ഉയർത്താൻ ക്ഷണിച്ചെങ്കിലും ജാതിപ്രമാണിമാർ തടഞ്ഞു. ഇതേച്ചൊല്ലി രണ്ട് വിഭാഗമായിത്തിരിഞ്ഞുണ്ടായ തർക്കം പ്രദേശത്ത് സംഘർഷാവസ്ഥ പോലും ഉണ്ടാക്കിയിരുന്നു. സ്കൂളിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും പതാക ഉയർത്താൻ ഇത്തവണയും അമൃതത്തെ അനുവദിക്കില്ലെന്നായിരുന്നു ജാതിപ്രമാണിമാരുടെ നിലപാട്.

വിട്ടുകൊടുക്കാൻ ഒരുക്കമല്ലാതെ, വിവേചനത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയ അമൃതത്തിന്‍റെ വാർത്ത ഒടുവിൽ അധികൃതരിലെത്തി. ഏതായാലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനപ്പതാക അമൃതം തന്നെ ഉയർത്തുമെന്ന് അധികൃതർ ഉറപ്പ് നൽകി. ആ ചടങ്ങിന് സാക്ഷിയാകാൻ തമിഴ്നാടിന്‍റെ ചീഫ് സെക്രട്ടറി ഇരൈ അൻപ് നേരിട്ട് ആത്തുപ്പാക്കം ഗ്രാമത്തിൽ എത്തി. ചീഫ് സെക്രട്ടറിയുടേയും ജില്ലാ കളക്ടറുടേയും ജില്ലാ പൊലീസ് മേധാവിയുടേയും മറ്റു പൗരപ്രമുഖരുടേയുമടക്കം സാന്നിദ്ധ്യത്തിൽ ഓഗസ്റ്റ് 14ന് പഞ്ചായത്ത് മുറ്റത്തെ കൊടിമരത്തിൽ വി.അമൃതത്തിന്‍റെ സ്വാഭിമാന പതാക ഉയർന്നു. വന്നവർക്കെല്ലാം മധുരം കൊടുത്ത് അമൃതം സന്തോഷം പങ്കുവച്ചു. ഇത്രയും പ്രധാനപ്പെട്ട ആളുകൾ താൻ ദേശീയ പതാക ഉയർത്തുന്നതിന് സാക്ഷിയാകാൻ വന്നതിൽ ഏറെ അഭിമാനമെന്നും അമൃതം പറഞ്ഞു.

ചടങ്ങിന് ശേഷം ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർ ആൽബി ജോൺ വർഗീസും അമൃതവുമായും പഞ്ചായത്ത് അംഗങ്ങളുമായും ചർച്ച നടത്തി. പിറ്റേന്ന് സ്വാതന്ത്ര്യദിനത്തിലും വി.അമൃതം പഞ്ചായത്തിന്‍റെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി.   

ജാതിവിവേചനത്തിൽ ഭരണം മുടങ്ങിയിരുന്ന പഞ്ചായത്തിൽ ഗ്രാമസഭ വിളിച്ചുകൂട്ടാനുള്ള ആത്മവിശ്വാസത്തിലാണ് ഇപ്പോൾ അമൃതം. പുതിയ പഞ്ചായത്ത് ഓഫീസ്, കമ്യൂണിറ്റി സാനിട്ടറി കോംപ്ലക്സ്, പ്രാദേശിക സർക്കാർ സ്കൂളുകൾക്ക് നല്ല ക്ലാസ് മുറികളും ശുചിമുറികളും, നവീകരിച്ച പൊതുശ്മശാനം, എല്ലാവർക്കും വെള്ളം, വെളിച്ചം, നല്ല വഴികൾ.. എല്ലാത്തിനുമുള്ള ശ്രമം ഒന്നിൽ നിന്ന് തുടങ്ങുമെന്ന് അവ‍ർ പറയുന്നു. ഒരു ദേശീയ പതാക അറുപതുവയസുകാരിയായ ഒരു കർഷകത്തൊഴിലാളി ദളിത് വനിതയുടെ ആത്മവിശ്വാസം ആകാശത്തോളം ഉയർത്തിയത് ഈ വിധമാണ്.

എന്നിട്ടും വിവേചനം തീരാത്തയിടങ്ങൾ, അപമാനവും

അമൃതത്തിനും സുധയ്ക്കും ആത്മവിശ്വാസവും സ്വാഭിമാനവും ഏറ്റിയ സ്വാതന്ത്ര്യദിനമാണ് കടന്നുപോയതെങ്കിൽ പുതുക്കോട്ട ജില്ലയിലെ സത്താങ്കുടി പഞ്ചായത്ത് പ്രസിഡന്‍റ് തമിഴരശന്‍റെ അനുഭവം മറിച്ചായിരുന്നു. പ്രദേശത്തെ സർക്കാർ സ്കൂളിൽ ദേശീയ പതാക ഉയർത്താൻ വരണമെന്ന് പ്രധാന അധ്യാപകൻ തമിഴരശനെ നേരിട്ടെത്തി ക്ഷണിച്ചതാണ്. പക്ഷേ തമിഴരശൻ പതാക ഉയർത്തിയാൽ റോഡ് ഉപരോധിച്ച് സമരം തുടങ്ങുമെന്നായിരുന്നു പ്രദേശത്തെ പ്രബലരായ കല്ലർ ജാതിനേതൃത്വത്തിന്‍റെ ഭീഷണി. സ്വാതന്ത്ര്യദിന പ്രഭാതത്തിൽ തമിഴരശൻ പതാക ഉയർത്തിയാൽ തടയുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. സ്കൂൾ അധികൃതർ ഈ സമ്മർദ്ദത്തിന് വഴങ്ങി. ക്ഷണിച്ചുവരുത്തിയ തമിഴരശനെ സാക്ഷിയാക്കി നിർത്തി പ്രധാന അധ്യാപകനാണ് സ്കൂൾ അസംബ്ലിയിൽ പതാക ഉയർത്തിയത്. നിരാശനും അപമാനിതനുമായി തമിഴരശൻ വീട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ തവണ തമിഴ്നാട്ടിലെ 20 പഞ്ചായത്തുകളിൽ പ്രസിഡന്‍റുമാരെ ജാതിയുടെ പേരിൽ ദേശീയ പതാക ഉയർത്തുന്നതിൽ നിന്ന് തടഞ്ഞുവെന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എൻജിഒ ആയ തമിഴ്നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ടിന്‍റെ (TNUEF) സർവേ റിപ്പോർട്ടിൽ പറയുന്നു. ഈ പഞ്ചായത്തുകളിൽ പലതിലും ദളിത് പ്രസിഡന്‍റുമാർക്ക് ഇരിക്കാൻ കസേര പോലും നിഷേധിക്കുന്നുവെന്നാണ് സ‍ർവേ കണ്ടെത്തിയത്. ജനപ്രതിനിധികളെ ദേശീയപതാക ഉയ‍ർത്തുന്നതിൽ നിന്ന് തടയുന്ന ഒരൊറ്റ  സംഭവം പോലും ഉണ്ടാകരുതെന്ന് സർക്കാർ ഇത്തവണ ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ 12600ലധികം ഗ്രാമ പഞ്ചായത്തുകളിൽ ഇത്തവണ അതാതിടങ്ങളിലെ പ്രസിഡന്‍റുമാ‍ർ തന്നെ പതാക ഉയർത്തിയെന്നാണ് ജില്ലാ കളക്ടർമാർ ചീഫ് സെക്രട്ടറിക്ക് നൽകിയ കണക്ക്.

എന്നാൽ ഉദ്യോഗസ്ഥരുടേയും പൊലീസിന്‍റേയും സഹായം ആവശ്യപ്പെടാൻ പോലും സാധിക്കാത്ത സാഹചര്യമുള്ള, കടുത്ത ജാതി വിവേചനം നേരിടുന്ന തദ്ദേശ ജനപ്രതിനിധിമാർ ഇപ്പോഴും സംസ്ഥാനത്തുണ്ട്. ജാതിപരമായ വേർതിരിവുകൾക്കെതിരെ കടുത്ത സമീപനം സ്റ്റാലിൻ സർക്കാർ തുടക്കം മുതൽ സ്വീകരിക്കുന്നുണ്ട്. ദളിത് പഞ്ചായത്ത് പ്രസിഡന്‍റിന് പതാക ഉയർത്താൻ അവസരം നിഷേധിച്ച പഞ്ചായത്തിൽ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത് ഉദാഹരണം. ദളിതർക്ക് ക്ഷേത്രപ്രവേശം നിഷേധിക്കുന്ന സ്ഥലങ്ങളിലും പന്തിഭോജനത്തിൽ വിലക്കേർപ്പെടുത്തിയ ഇടത്തുമൊക്കെ മുമ്പ് മുഖ്യമന്ത്രിയും മുമ്പ് നേരിട്ടെത്തിയിരുന്നു. പക്ഷേ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വർഷത്തിലും സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ ദളിതർക്ക് പൊലീസ് സംരക്ഷണം തേടേണ്ടിവരുന്നു എന്നതുകൂടി ചേരുന്നതാണ് തമിഴ്നാടിന്‍റെ സാമൂഹിക യാഥാർത്ഥ്യം.

click me!