കൊവിഡ് ആദ്യ തരംഗത്തില്‍ പഴി; രണ്ടാം തരംഗത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായി തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍

By Web Team  |  First Published May 10, 2021, 4:42 PM IST

ആശുപത്രികളില്‍ കിടക്കള്‍ ലഭിക്കാതെയും ഓക്സിജന്‍ ക്ഷാമം നേരിട്ടും പലയിടങ്ങളിലും ശ്മശാനങ്ങളില്‍ കൊവിഡ് രോഗികളെ സംസ്കരിക്കാന്‍ ദിവസങ്ങളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയുമായി ആളുകള്‍ ക്ലേശിക്കുന്നതിനിടയിലാണ് തബ്ലീഗ് ജമാ അത്ത് പ്രവര്‍ത്തകരുടെ ഈ സേവനം.  


തിരുപ്പതി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് വലിയതോതില്‍ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പഴികേട്ട തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍ കൊവിഡ് സന്നദ്ധ പ്രവര്‍ത്തക രംഗത്ത് സജീവമാകുന്നു. ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലാണ് കൊവിഡ് മഹാമാരി മൂലം ജീവന്‍ നഷ്ടമായവര്‍ക്ക് അന്ത്യ വിശ്രമം ഒരുക്കാനുള്ള പ്രയത്നങ്ങളില്‍ സജീവമാണ് തബ്ലീഗ് ജമാ അത്ത് അംഗങ്ങള്‍. തിരുപ്പതി യുണൈറ്റഡ് മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റിയിലൂടെയാണ് തബ്ലീഗ് ജമാഅത്ത് അംഗങ്ങളുടെ പ്രവര്‍ത്തനം. കൊവിഡ് 19 മൂലം മരണപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകള്‍ക്കാണ് ഇവര്‍ സഹായം നല്‍കുന്നതെന്നാണ് ദി ന്യൂസ് മിനറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡിന്‍റെ ആരംഭകാലത്ത് ഏറെപഴികേട്ടെങ്കിലും ആളുകള്‍ ഇപ്പോള്‍ തങ്ങളേക്കുറിച്ച് നല്ലതുപറയുന്നതിലും തങ്ങളുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിലും അഭിമാനമുണ്ടെന്നാണ് തബ്ലീഗ് ജമാ അത്തിലെ സജീവ പ്രവര്‍ത്തകനായ ജെഎംഡി ഗൌസ് പറയുന്നത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിക്കുകയാണ്. ആശുപത്രികളില്‍ കിടക്കള്‍ ലഭിക്കാതെയും ഓക്സിജന്‍ ക്ഷാമം നേരിട്ടും പലയിടങ്ങളിലും ശ്മശാനങ്ങളില്‍ കൊവിഡ് രോഗികളെ സംസ്കരിക്കാന്‍ ദിവസങ്ങളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയുമായി ആളുകള്‍ ക്ലേശിക്കുന്നതിനിടയിലാണ് തബ്ലീഗ് ജമാ അത്ത് പ്രവര്‍ത്തകരുടെ ഈ സേവനം.  അറുപത് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ തിരുപ്പതിയില്‍ സേവനം ചെയ്യുന്നത്. കഴിഞ്ഞ മാസം മാത്രം 15 പേരെ വച്ച് ദിവസം തോറും സംസ്കരിച്ചിട്ടുണ്ടെന്നാണ് പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

Latest Videos

undefined

ആദ്യ തരംഗത്തേ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ മരണപ്പെടുന്നത്  പ്രായം കുറവുള്ളവരാണെന്നാണ് ഇവരുടെ നിരീക്ഷണം. സംസ്കാരത്തിനായി വരുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പോലും പലപ്പോഴും സാധിക്കാതെ വരാറുണ്ടെന്നാണ് ജെഎംഡി ഗൌസ് പറയുന്നത്. മൂന്ന് ടീമായി തിരിഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. മരണപ്പെടുന്നവരുടെ വിശ്വാസരീതികള്‍ പിന്തുടര്‍ന്നാണ് സംസ്കാരവും നടത്തുന്നത്.സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റുകള്‍ സംഘടിപ്പിക്കുന്നതും തബ്ലീഗ് ജമാ അത്ത് തന്നെയാണ്. ഇവരോടൊപ്പം സഹകരിക്കുന്നവരില്‍ തബ്ലീഗ്  ജമാ അത്ത് അംഗങ്ങള്‍ അല്ലാത്തവര്‍ കൂടിയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!