Hijab Ban: ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. ധൂലിയ

By Web Team  |  First Published Oct 13, 2022, 10:52 AM IST

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കൊപ്പം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ഹൈക്കോടതി വിധി തള്ളി ജസ്റ്റിസ് സുധാൻശു ധൂലിയ


ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.

Latest Videos

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിൽ എത്തിയിരുന്നത്. 10 ദിവസത്തോളം ഈ ഹർജികളിൽ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാൻശു ധൂലിയയും ഉൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. കർണാടക ഹൈക്കോടതി വിധി തള്ളി, ജസ്റ്റിസ് സുധാൻശു ധൂലിയ അപ്പീലുകൾ ശരി വച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കിയത്. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമർശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരി വച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തെത്തിയ 26 അപ്പീലുകളും അദ്ദേഹം തള്ളി. 

ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക സർക്കാർ, 'പ്രതീക്ഷിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന ഉത്തരവ്'

ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും അദ്ദേഹം കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും കപിൽ സിബൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ധൂലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയത്. 

ഹി‍ജാബ് കേസ് വിശാല ബെഞ്ചിന്; സ്വാഗതം ചെയ്ത് ലീഗ്, ആശങ്കകൾ പരിഗണിക്കപ്പെട്ടെന്ന് സമസ്ത

click me!