ഭാര്യയ്ക്കും ഭാര്യാവീട്ടുകാർക്കും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ജീവനൊടുക്കിയ 34കാരന്റെ മാതാപിതാക്കൾ 4 വയസുകാരന് അപരിചിതരെന്ന് സുപ്രീം കോടതി
ദില്ലി: ഭാര്യയുടെയും ഭാര്യാ വീട്ടുകാരുടേയും പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ മകനെ യുവാവിന്റെ മാതാപിതാക്കൾക്ക് നൽകാനുള്ള അപേക്ഷ തള്ളി സുപ്രീം കോടതി. ചൊവ്വാഴ്ചയാണ് അതുൽ സുഭാഷിന്റെ മാതാപിതാക്കൾക്ക് കുഞ്ഞിനെ വിട്ടുനൽകാനുള്ള ഹർജി കോടതി തള്ളിയത്. അതുലിന്റെ മാതാപിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അപരിചിതരാണ് എന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം. 2024 ഡിസംബർ 9നാണ് ഭാര്യയ്ക്കും ഭാര്യാ വീട്ടുകാർക്കും എതിരെ രൂക്ഷ ആരോപണങ്ങൾ ഉയർത്തി 34കാരനായ അതുൽ സുഭാഷ് ജീവനൊടുക്കിയത്.
ബെല എം ത്രിവേദി, എൻ കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. കുഞ്ഞിന്റെ സംരക്ഷണാവകാശം വിചാരണക്കോടതി തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിന് പരാതിക്കാരി അപരിചിതയാണ് എന്ന് പറയുന്നതിൽ ഖേദമുണ്ടെന്നും കോടതി പ്രതികരിച്ചു. ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുട്ടിയെ കാണാമെന്നും സംരക്ഷണാവകാശം വേണമെങ്കിൽ അതിന് വേറെ നടപടി ക്രമമുണ്ടെന്നും സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. അതുൽ സുഭാഷിന്റെ അമ്മ അഞ്ജുദേവി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ അതുലിന്റെ ഭാര്യ നികിത സിംഹാനിയയേയും ബന്ധുക്കൾക്കും ബെംഗളൂരുവിലെ കോടതി ജനുവരി 4ന് ജാമ്യം അനുവദിച്ചിരുന്നു. ഹരിയാനയിലെ ബോർഡിംഗ് സ്കൂളിലാണ് 4 വയസുകാരനുള്ളതെന്നാണ് സുപ്രീം കോടതിയെ നികിതയുടെ അഭിഭാഷകൻ അറിയിച്ചത്. ആറ് വയസിൽ താഴെ പ്രായമുള്ള പേരക്കുട്ടിയെ ബോർഡിംഗിൽ ആക്കിയതിനെതിരെയും സംരക്ഷണാവകാശം ആവശ്യപ്പെട്ടാണ് അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. മാധ്യമ വിചാരണ അനുസരിച്ച് വിഷയത്തിൽ തീരുമാനം എടുക്കാനാവില്ലെന്നും ജനുവരി 20ന് നടക്കുന്ന അടുത്ത വാദത്തിൽ കുട്ടിയെ കോടതിയിലെത്തിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന 34കാരനായ അതുൽ സുഭാഷ് വർഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലമുള്ള മാനസിക സമ്മർദ്ദം ആത്മഹത്യാകുറിപ്പിൽ വിശദമാക്കിയിരുന്നു. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്‍റെ ആത്മഹത്യ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം