മണിപ്പൂര്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ദില്ലി: മണിപ്പൂര്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയെയാണ് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചത്. മെയ്‌തെയ് ഗോത്രത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മണിപ്പൂര്‍ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടായത്.
ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്നാണ് ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദീവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടി. മെയ്‌തെയ് ഗോത്രത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യേണ്ടി വരും.
undefined
ആ വിധി പൂര്‍ണമായും വസ്തുതാ വിരുദ്ധമാണ്. പിഴവ് തിരുത്താന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എംവി മുരളീധരന് വേണ്ടത്ര സമയം നല്‍കിയിരുന്നു. എന്നാല്‍, പിഴവ് തിരുത്തപ്പെട്ടില്ല. ഇക്കാര്യത്തെ അതീവ ഗൗരത്തോടെ കാണുന്നു. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി ജഡ്ജിമാര്‍ കൃത്യമായി പാലിക്കണം.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് വളരെ വ്യക്തമാണെന്നും ചീഫ് ജസ്റ്റീസ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കേസില്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ചിനെ തന്നെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Read more: കൊടും ചൂട്, ഈ ജില്ലകളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ്: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഹൈക്കോടതി വിധിക്കു പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരി ഗോത്ര വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. വിഷയത്തിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ക്രമസമാധാനം പാലിക്കപ്പെടുന്നുണ്ടെന്നും അധികൃതര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് നിര്‍ദേശം നല്‍കി.