ന്യൂഇയറിന് തൊട്ട് മുൻപുള്ള ഏറ്റവും വലിയ ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

By Web Desk  |  First Published Dec 30, 2024, 7:12 PM IST

ഗോവയിലെ സൺബേണിന്റെ ആദ്യ ദിവസ കലാപരിപാടികൾക്കിടെ കുഴഞ്ഞുവീണ 26കാരന് ചികിത്സയിലിരിക്കെ ദാരുണാന്ത്യം. 


മാപുസ: ഗോവയിലെ ഏറ്റവും പ്രശസ്തമായ വർഷാന്ത്യ സംഗീത ആഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം. പുതുവർഷം ആഘോഷത്തിന് രാജ്യത്തെ യുവ തലമുറയെ ഏറെ ആകർഷിച്ചിട്ടുള്ള പരിപാടികളിലൊന്നാണ് ഗോവയിലെ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ. ഗോവയിലെ ദാർഗാൽ ഗ്രാമത്തിൽ വച്ച് സൺബേണിന്റെ ആദ്യ ദിവസ കലാപരിപാടികൾക്കിടെ 26കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. നോർത്ത് ഗോവയിൽ ഞായറാഴ്ചയാണ് സംഭവം. 

സംഗീതപരിപാടിക്കിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ദില്ലിയിലെ രോഹിണി സ്വദേശിയായ കരൺ കശ്യപ് എന്ന 26കാരനാണ് മരിച്ചതെന്നാണ് ഗോവ പൊലീസ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45ഓടെയാണ് കരൺ കശ്യപ് കുഴഞ്ഞ് വീണത്. ബോധം നശിച്ച നിലയിലുണ്ടായിരുന്ന യുവാവിനെ മാപുസയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം. എന്നാൽ മരണം കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Latest Videos

കാസിനോയിൽ പരിശോധന നടത്താനെത്തി ഇഡി സംഘം, തട്ടിപ്പുകാരെന്ന് ആരോപിച്ച് തടഞ്ഞ് ജീവനക്കാർ, രക്ഷകരായി പൊലീസ്

സംഭവത്തിലെ ദുരൂഹത നീക്കാനായി യുവാവിന്റെ മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ വർഷാന്ത്യ പരിപാടികളിലൊന്നാണ് ഗോവയിലെ സൺ ബേൺ ഫെസ്റ്റിവൽ. എന്നാൽ  ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ അടുത്ത കാലത്തായി വലിയ രീതിയിൽ വിവാദ കേന്ദ്രമായിട്ടുണ്ട്. 2019ൽ മൂന്ന് പേർ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!