സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു; ഏഴു പേർക്കെതിരെ കേസ്

By Web Team  |  First Published Nov 20, 2023, 9:10 AM IST

ഭക്ഷണത്തിനായി തടിച്ചു കൂടിയ വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്ന് വിദ്യാർഥിനിയുടെ മാതാവ് സംഗീത.


ബംഗളൂരു: സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്പാര്‍ ചെമ്പിലേക്ക് വിദ്യാര്‍ഥിനി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി കല്‍ബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. മകള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നും ആരോഗ്യ നില വഷളായതോടെ ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30ന് വിദ്യാര്‍ഥിനി മരിക്കുകയായിരുന്നുവെന്ന് അഫ്സല്‍പൂര്‍ തഹസില്‍ദാര്‍ സഞ്ജീവ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. 

Latest Videos

സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മ സംഗീത ശിവപ്പ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെ അടുക്കള ജീവനക്കാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍, അഫ്‌സല്‍പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍, അഫ്സല്‍പൂര്‍ താലൂക്ക് പഞ്ചായത്ത് ഓഫീസര്‍, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഗുരുതര ആരോപണങ്ങളാണ് സ്‌കൂളിനെതിരെ മരിച്ച വിദ്യാര്‍ഥിനിയുടെ മാതാവ് സംഗീത ഉന്നയിച്ചത്. ഉച്ച ഭക്ഷണത്തിനായി തടിച്ചുകൂടിയ വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്ന് സംഗീത പറഞ്ഞു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഭക്ഷണത്തിനായി തടിച്ചുകൂടിയിരുന്നെന്നും ഇവരെ നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ തിക്കിലും തിരക്കിലും പെട്ടാണ് മകള്‍ സാമ്പാര്‍ ചെമ്പിലേക്ക് വീണതെന്ന് സംഗീത ആരോപിച്ചു. 

അപകടത്തെ ഗൗരവത്തോടെയാണ് കണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതികരിച്ചു. സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഒരാളെ പുറത്താക്കിയെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

റോബിനെ 'വെട്ടാനെത്തിയ' കെഎസ്ആര്‍ടിസി ബസിന് പെര്‍മിറ്റില്ലേ? വിശദീകരണം 
 

click me!