തിങ്കളാഴ്ച ബാങ്ക് അടച്ചിട്ട് പോയ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു.
വാറങ്കൽ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ മോഷണം. ഏകദേശം 14.94 കോടി രൂപ വിലവരുന്ന 19 കിലോഗ്രാം സ്വർണം മോഷ്ടാക്കൾ കൊണ്ടുപോയി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ശാഖയിൽ കടന്ന കള്ളന്മാർ സിസിടിവി ക്യാമറകളും അലാമും പ്രവർത്തന രഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സ്ട്രോങ് റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായതായി കാണിച്ച് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി.
വാറങ്കൽ ജില്ലയിലെ രായപാർത്തി മണ്ഡൽ ശാഖയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പ്രവൃത്തി സമയത്തിന് ശേഷം ബാങ്ക് അടച്ചിട്ട് പോയ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വ്യക്തികളുടെ സ്വകാര്യ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷണം പോയിട്ടില്ല. എന്നാൽ ആളുകൾ പണയം വെച്ച ആഭരണങ്ങളാണ് നഷ്ടമായത്. 497 പാക്കറ്റുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ. സിസിടിവിയുടെയും അലാമിന്റെയും വയറുകൾ മുറിച്ച മോഷണ സംഘം സിസിടിവി ഹാർഡ് ഡിസ്കും ബാങ്കിൽ നിന്ന് എടുത്തുകൊണ്ടുപോയിട്ടുണ്ട്.
undefined
പിൻഭാഗത്തെ വാതിലും ജനലും ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ശേഷം സ്ട്രോങ് റൂമിന്റെ ഗ്രില്ലും ലോക്കറുകളും ഗ്യാസ് കട്ടർ ഉപയോഗിച്ച് തന്നെ മുറിച്ചു. വാറങ്കലിനെയും ഖമ്മത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അവസാന ഭാഗത്തിയി സ്ഥിതി ചെയ്യുന്ന ബാങ്കിന് സമീപത്ത് മറ്റ് വീടുകളോ കെട്ടിടങ്ങളോ ഇല്ലാത്തത് മോഷ്ടാക്കൾക്ക് സഹായകമായി. രാവിലെ ഇതുവഴി പോയ നാട്ടുകാരിൽ ചിലർ ചില ശബ്ദങ്ങൾ കേട്ടായി പറയുന്നുണ്ടെങ്കിലും ആരും എന്താണെന്ന് നോക്കിയില്ല.
മോഷണ ശേഷം ഗ്യാസ് കട്ടർ ബാങ്കിനുള്ളിൽ തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ പോയത്. രാവിലെ ജീവനക്കാരെത്തി മോഷണ വിവരം മനസിലാക്കിയ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ വിവരമറിഞ്ഞ് ആശങ്കയിലായ നിരവധി ഉപഭോക്താക്കൾ ബാങ്കിലെത്തിയെങ്കിലും പൊലീസ് പരിശോധന നടക്കുകയായിരുന്നതിനാൽ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ ബാങ്ക് സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സമീപത്തെ കെട്ടിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെക്കുറിച്ചുള്ള വിവരം ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഉന്നത ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി പരിശോധന നടത്തുകയും ചെയ്തു. നേരത്തെയും ഇതേ ബാങ്ക് ശാഖയിൽ മോഷണ ശ്രമം നടന്നിരുന്നു. അന്ന് ഒരു സ്വകാര്യ സെക്യൂരിറ്റി ഗാർഡിനെ നിയമിച്ചിരുന്നെങ്കിലും പിന്നീട് ഒരു വർഷത്തോളമായി സുരക്ഷാ ഉദ്യോഗസ്ഥരില്ലെന്ന് നാട്ടുകാർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം