തമിഴ്നാട്ടിൽ വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ? യോഗം ഇന്ന്, ബെംഗളൂരുവിൽ കൊവിഡ് കർഫ്യൂ

By Web Team  |  First Published Apr 27, 2021, 6:54 AM IST

ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിൽ നിന്നും കർണാടകത്തിൽ നിന്നും ആളുകൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. സംസ്ഥാനത്ത് കോവിഡ് പ്രതിദിന വ്യാപനം ഇന്നലെയും കാൽ ലക്ഷം കടന്നു, പ്രതിദിന മരണം ദിവസങ്ങളായി 200-ന് മുകളിലാണ്.


ചെന്നൈ/ ബെംഗളൂരു: മെയ് ഒന്നിനും വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും മുഴുവൻ സമയ ലോക്ഡൗൺ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചെന്നൈയിൽ ചേരും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ രണ്ട് ദിവസവും ലോക്ഡൗൺ നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. തമിഴ്നാട്ടിൽ മരണനിരക്ക് കൂടി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വോട്ടെണ്ണൽ ദിനം ലോക്ഡൗൺ നടപ്പാക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായവും സർക്കാർ തേടിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്പ്പിക്കുമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു.

കർണാടകത്തിൽ ഇന്ന് രാത്രി മുതൽ കോവിഡ് കർഫ്യു. രാത്രി 9 മുതൽ മെയ് 10 വരെ 14 ദിവസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങൾ. പൊതു ഗതാഗത സംവിധാനം അടക്കം ഇന്ന് രാത്രി 9 മണി മുതൽ പ്രവർത്തിക്കില്ല. 

Latest Videos

ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിൽ നിന്നും കർണാടകത്തിൽ നിന്നും ആളുകൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. അതിഥിത്തൊഴിലാളികൾ അടക്കമുള്ളവരുടെ വലിയ തിരക്കാണ് ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും കാണുന്നത്. മറുനാടൻ തൊഴിലാളികൾ അടക്കമുള്ളവർ അതാത് സംസ്ഥാനത്തു തന്നെ തുടരണമെന്നായിരുന്നു കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശം. സംസ്ഥാനത്ത് കോവിഡ് പ്രതിദിന വ്യാപനം ഇന്നലെയും കാൽ ലക്ഷം കടന്നു, പ്രതിദിന മരണം ദിവസങ്ങളായി 200-ന് മുകളിലാണ്.

click me!