നേരത്തെ, തന്‍റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഗുലാം അഭ്യർത്ഥിച്ചിരുന്നു.
ലഹോർ: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിൽ എത്തിയ വനിതയെ തിരിച്ച് അയക്കണമെന്ന് പാകിസ്ഥാനിലുള്ള ഭർത്താവ്. ഇപ്പോഴും പഴയ പോലെ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അത് എക്കാലവും തുടരുമെന്നും ഇന്ത്യയിലുള്ള സീമ എന്ന സ്ത്രീയുടെ ഭർത്താവ് ഗുലാം ഹൈദർ പറയുന്നു. ദയവായി തിരികെ വരൂ എന്നാണ് ഗുലാമിന്റെ അഭ്യർത്ഥന. നേരത്തെ, തന്‍റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഗുലാം അഭ്യർത്ഥിച്ചിരുന്നു.
ഓണ്‍ലൈന്‍ ഗെയിമിംഗ് ആയ പബ്ജിയിലൂടെ പരിചയപ്പെട്ട പ്രണയത്തിലായതിന് പിന്നാലെയാണ് ഇന്ത്യക്കാരനായ യുവാവിനെ തേടി സീമ ഹൈദര്‍ മക്കളോടൊപ്പം നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ ഇവര്‍ രണ്ട് പേര്‍ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു. 2019ലാണ് പബ്ജി ഗെയിമിനിടെയുള്ള സീമ ഹൈദര്‍ സച്ചിനുമായി പ്രണയത്തിലാവുന്നത്. ആവശ്യമായ രേഖകള്‍ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും അതിന് ഒത്താശ ചെയ്തതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. അതേസമയം, പാക് വനിത കാമുകനെ തേടി ഇന്ത്യയിലെത്തിയതിന് പിന്നാലെ പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സിന്ധ് പ്രവിശ്യയിലെ ദക്ഷിണ മേഖലയിലെ ഹിന്ദു ക്ഷേത്രമാണ് ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് തകര്‍ത്തതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലേക്ക് പോയ സീമ ഹൈദറിനോടുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികരായ ഹിന്ദു വിശ്വാസികള്‍ നിര്‍മ്മിച്ച ചെറുക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത്. സിന്ധ് പ്രവിശ്യയിലെ കാശ്മോര പ്രദേശത്തെ ഹിന്ദു വിശ്വാസികളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കറാച്ചിയിലെ മാരിമാത ക്ഷേത്രം വെള്ളിയാഴ്ച പൊളിച്ച് നീക്കിയതിന് പിന്നാലെയാണ് സിന്ധ് പ്രവിശ്യയിലെ അക്രമം.