ആകെ 60 കാർട്ടൺ ബോക്സ് നിറയെ മദ്യമാണ് പൊലീസിന് കണ്ടെടുക്കാനായത്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു ഇത്.
ഡൽഹി: നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ നിന്ന് റോഡരികിൽ കാർട്ടൺ ബോക്സുകൾ ഇറക്കുന്നത് കണ്ട് സമീപത്തേക്ക് ചെന്ന പൊലീസ് പട്രോൾ സംഘം കണ്ടെത്തിയത് വൻ മദ്യക്കടത്ത്. മൂന്ന് ബോക്സുകളാണ് സ്കൂട്ടറിൽ കൊണ്ടുവന്ന് ഇറക്കിക്കൊണ്ടിരുന്നത്. പരിസരമൊക്കെ പരിശോധിച്ചപ്പോൾ അടുത്തൊരു കാട്ടിൽ ഇതുപോലത്തെ 57 ബോക്സുകൾ കൂടി കണ്ടെത്തി. എല്ലാത്തിലും ഉണ്ടായിരുന്നതാവട്ടെ മദ്യവും.
ഡൽഹിയിൽ രാവിലെ 9.20ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ നിന്ന് കാർട്ടൺ ബോക്സുകൾ ഇറക്കുകയായിരുന്ന രവി സിങ് എന്നയാളെ പൊലീസ് അപ്പോൾ തന്നെ പിടികൂടി. നേരത്തെ റാപ്പിഡോയിൽ ബൈക്ക് ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് കൂടുതൽ പണമുണ്ടാക്കാനായി മദ്യക്കടത്തിലേക്ക് തിരിയുകയായിരുന്നു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് മദ്യം കടത്തുകയാണ് പ്രധാന പണി. പിന്നീട് ദക്ഷിണ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകും.
റിപ്പബ്ലിക് ദിനവും ഡൽഹിയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും പ്രമാണിച്ച് വിവിധ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഇതിനിടെയാണ് മദ്യക്കടത്ത് സംഘം പൊലീസിന് മുന്നിൽപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം