സംശയം തോന്നിയാണ് പൊലീസുകാർ മൂന്ന് യുവാക്കളെ പിടികൂടിയത്. പിന്നാലെ തെളിഞ്ഞതാവട്ടെ 11 കേസുകളും.
ബംഗളുരു: ബൈക്കിൽ പോവുകയായിരുന്ന മൂന്ന് യുവാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ പൊലീസിന് മുന്നിൽ തെളിഞ്ഞത് തുമ്പില്ലാതെ പോയ നിരവധി കേസുകൾ. ബംഗളുരുവിലാണ് സംഭവം. പതിവ് പട്രോളിങിനിടയിലാണ് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ മൂന്ന് യുവാക്കൾ പോകുന്നത് പൊലീസുകാരുടെ ശ്രദ്ധയിപ്പെട്ടത്.
സംശയം തോന്നിയതോടെ ഇവരെ പിന്തുടർന്ന് പിടികൂടി പൊലീസുകാർ ചോദ്യം ചെയ്തു. ലഭിച്ചതാവട്ടെ നിരവധി മോഷണക്കേസുകളിലെ വിവരങ്ങളും. 11 കേസുകളാണ് ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം തെളിഞ്ഞത്. ഇവയിൽ ഒൻപത് കേസുകൾ ബനസവാടി പൊലീസ് സ്റ്റേഷിനിലും രണ്ട് കേസുകൾ രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യപ്പെട്ട മോഷണക്കേസുകളായിരുന്നു.
ബംഗളുരു കമ്മനഹള്ളി മെയിൻ റോഡിലെ സമ്പന്ന ലേഒട്ടിൽ നവംബർ മൂന്ന് നടന്ന മോഷണത്തിന് പിന്നിലും ഈ യുവാക്കളുടെ സംഘമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾ വെല്ലൂരിലേക്ക് പോയിരുന്ന സമയത്ത് വീട്ടിൽ കടന്ന മോഷ്ടാക്കൾ 108 ഗ്രാം സ്വർണവും 300 ഗ്രാം വെള്ളിയും 15,000 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ വാതിലും അകത്തുണ്ടായിരുന്ന ലോക്കറും തകർത്താണ് മോഷണം നടത്തിയത്.
മോഷ്ടിച്ച സ്വർണവും വെള്ളിയും ഒരു ജ്വല്ലറിയിൽ വിറ്റെന്ന് യുവാക്കൾ സമ്മതിക്കുകയും ചെയ്തു. ഈ ജ്വല്ലറിയിൽ ഇവർ വിറ്റ 180 ഗ്രാം സ്വർണവും 4.8 കിലോ വെള്ളിയും പൊലീസ് കണ്ടെടുത്തു. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ ആകെ 18 ലക്ഷം രൂപയുടെ സാധനങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം