എന്നാൽ ഇപ്പോഴും അദ്ദേഹം വെന്‍റിലേറ്ററിൽത്തന്നെയാണ്. ഹൃദയത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലാക്കാൻ സഹായിക്കുന്ന എക്മോ എന്ന യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. നിലവിൽ ആരോഗ്യനില അപകടകരമല്ല.
ചെന്നൈ: വിഖ്യാതഗായകൻ എസ് പി ബാലസുഹ്രഹ്മണ്യം ബോധം വീണ്ടെടുത്തെന്നും പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മകൻ എസ് പി ചരൺ. നിലവിൽ ചികിത്സയോട് എസ്പിബി നന്നായി പ്രതികരിക്കുന്നുണ്ട്. ആശുപത്രി മുറിയിൽ പാട്ടുകൾ കേൾപ്പിക്കുമ്പോൾ അദ്ദേഹം അത് തിരിച്ചറിഞ്ഞു. ഇടയ്ക്ക് ചെറുതായി പാട്ടുമൂളാൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്‍റെ മകൻ എസ് പി ചരൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഏറെ ആശ്വാസത്തോടെയാണ് ആരാധകർ എസ് പി ചരണിന്‍റെ വാക്കുകൾ കേട്ടത്.
''അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലത്തേതിനേക്കാൾ എത്രയോ ഭേദമായിട്ടുണ്ട്. കരളിന്‍റെ പ്രവർത്തനത്തിൽ പുരോഗതിയുണ്ട്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു. രോഗമുക്തിയുടെ ആദ്യപടി അദ്ദേഹം ചവിട്ടിയെന്ന് ഡോക്ടർമാർ പറയുന്നു. ഏറെ ആശ്വാസത്തോടെയാണ് ഞാനാ വാക്കുകൾ കേട്ടത്. പെട്ടെന്ന് തന്നെ അസുഖം മാറിയേക്കില്ലെങ്കിലും, ഇത് രോഗമുക്തിയുടെ ആദ്യപടിയാണ്'', എന്ന് എസ് പി ചരൺ.
ബുധനാഴ്ച അദ്ദേഹത്തെ ഐസിയുവിന് അകത്ത് കയറി കണ്ടതായി എസ് പി ചരൺ പറഞ്ഞു. അദ്ദേഹത്തിന് അപ്പോൾ കൂടുതൽ ആളുകളെ തിരിച്ചറിയാനായിരുന്നു. തിങ്കളാഴ്ചത്തേക്കാൾ മികച്ച ആരോഗ്യത്തിലാണ് അദ്ദേഹം എന്ന് തോന്നി. സംസാരിക്കാനും എഴുതാനും അദ്ദേഹം ശ്രമിച്ചെങ്കിലും ഒരു പേന കയ്യിൽ പിടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഈ ആഴ്ച തന്നെ പേന കയ്യിൽ പിടിച്ച് അദ്ദേഹത്തിന് എഴുതാനാകുമെന്ന് കരുതുന്നു. എല്ലാ ദിവസവും ഒരു ദിനപത്രം അദ്ദേഹത്തിന് വായിച്ച് കേൾപ്പിക്കണമെന്ന് ഞാൻ നഴ്സുമാരോട് പറഞ്ഞു. അത് ഓക്കെയല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അതേയെന്ന് പറഞ്ഞു. നിലവിൽ പാട്ടുകേൾക്കുമ്പോൾ അദ്ദേഹം അതിനോട് പ്രതികരിക്കുന്നുണ്ട്. ചെറുതായി വിരൽ കൊണ്ട് താളം പിടിക്കുന്നുണ്ട്. ഒപ്പം മൂളാൻ ശ്രമിക്കുകയും ചെയ്തു'', എന്ന് എസ് പി ചരൺ പറഞ്ഞു.
അതേസമയം, അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നതായി ചെന്നൈ എംജിഎം ആശുപത്രി എഡിഎംഎസ് അനുരാധ ഭാസ്കരനും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വിദഗ്ധസംഘം തന്നെയാണ് അദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ഇപ്പോഴും അദ്ദേഹം വെന്‍റിലേറ്ററിൽത്തന്നെയാണ്. ഹൃദയത്തിന്‍റെ പ്രവർത്തനം സാധാരണനിലയിലാക്കാൻ സഹായിക്കുന്ന എക്മോ എന്ന യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. നിലവിൽ ആരോഗ്യനില അപകടകരമല്ല.
ഓഗസ്റ്റ് 5നാണ് അദ്ദേഹത്തെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീച് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് 14ഓടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില തീർത്തും വഷളായതിനെത്തുടർന്ന് സംഗീത, കലാലോകം ഒന്നടങ്കം അദ്ദേഹത്തിന്‍റെ രോഗമുക്തിയ്ക്കായി പ്രാർഥനകളുമായി എത്തി.