ഭരണഘടനക്ക് മുന്നിൽ മോദി വണങ്ങി നിൽക്കേണ്ടി വന്നതിന് കാരണം രാഹുൽ ഗാന്ധിയുടെ പ്രചാരണം; പ്രശംസിച്ച് സോണിയ, ഖർഗെ

By Web Team  |  First Published Jun 9, 2024, 6:29 PM IST

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്‍റിൽ വിദ്യാർഥികളുടെ ശബ്ദമാകുമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്തെത്തി


ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുകഴ്ത്തി സോണിയ ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യമാകെ ഭരണഘടനയുടെ പ്രധാന്യം ഉയർത്തിക്കൊണ്ട്, രാഹുൽ ഗാന്ധി  പ്രചാരണത്തിലുടനീളം ഭരണഘടന ഉയര്‍ത്തിയതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഭരണഘടനക്ക് മുന്‍പില്‍ മോദിക്ക് വണങ്ങി നില്‍ക്കേണ്ടി വന്നതെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയെ പ്രശംസിച്ചു.

അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്‍റിൽ വിദ്യാർഥികളുടെ ശബ്ദമാകുമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപ് തന്നെ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിലൂടെ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകർത്തു എന്നാണ് സോഷ്യൽ മീഡിയയിൽ രാഹുലിന്‍റെ പ്രതികരണം. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കും. ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ആറ് വിദ്യാർത്ഥികൾ മുഴുവൻ മാർക്കോടെ ഒന്നാമതെത്തി. സാങ്കേതികമായി സാധ്യമല്ലാത്ത മാർക്ക് പലർക്കും ലഭിച്ചു. എന്നാൽ പേപ്പർ ചോർച്ചയുടെ സാധ്യത സർക്കാർ തുടർച്ചയായി നിഷേധിക്കുന്നുവെന്ന് രാഹുൽ വിമർശിച്ചു. മാഫിയയുടെയും സർക്കാർ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ 'ചോദ്യപേപ്പർ ചോർച്ച വ്യവസായം' നേരിടാൻ കോൺഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് രാഹുൽ വ്യക്തമാക്കി. നിയമ നിർമാണത്തിലൂടെ ഈ പേപ്പർ ചോർച്ചയെ മറികടക്കും. തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ അനുവദിക്കാത്ത ഇന്ത്യ സഖ്യത്തിൽ യുവാക്കൾ വിശ്വാസം അർപ്പിച്ചെന്നും രാഹുൽ കുറിച്ചു.

Latest Videos

മോദി 3.0 സത്യപ്രതിജ്ഞക്ക് മുന്നേ എൻഡിഎയിൽ ആദ്യ കലാപക്കൊടി! കാബിനറ്റിൽ ഇടമില്ല, എൻസിപി മന്ത്രിസഭയിലേക്കില്ല

click me!