സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന നിയമലംഘനം ചൂണ്ടിക്കാണിച്ചാണ് രാജ്യസഭാ എംപിയും ബിജെപിയുടെ ദേശീയ വക്താവുമായ രാജീവ് ചന്ദ്രശേഖറിന്‍റെ പരാമര്‍ശം
സമൂഹമാധ്യമങ്ങള്‍ക്ക് രാജ്യത്തെ നിയമസംവിധാനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന നിയമലംഘനം ചൂണ്ടിക്കാണിച്ചാണ് രാജ്യസഭാ എംപിയും ബിജെപിയുടെ ദേശീയ വക്താവുമായ രാജീവ് ചന്ദ്രശേഖറിന്‍റെ പരാമര്‍ശം. ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി നിയമസംവിധാനം കൊണ്ടുവരുമെന്ന് എംപിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര മന്ത്രി സഞ്ജയ് ദോത്ര മറുപടി നല്‍കി.
രാജ്യത്തെ നിയമ സംവിധാനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സഞ്ജയ് ദോത്ര രാജ്യസഭയെ വ്യാഴാഴ്ച അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ അല്‍ഗോരിതങ്ങളും കമ്യൂണിറ്റി ഗൈഡ്ലൈനുകളും ഇന്ത്യന്‍ ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 14ന് അനുസരിച്ചുള്ളതാണോയെന്നും രാജിവ് ചന്ദ്രശേഖര്‍ ചോദിച്ചു. നിയമപരമല്ലാത്ത വിഷയങ്ങളുടെ പ്രദര്‍ശനവും തെറ്റായ വിവരങ്ങളുടെ പങ്കുവയ്ക്കലും ഉപദ്രവകരമായ വിവരങ്ങളുടെ പങ്കുവയ്ക്കലും പാടില്ലെന്ന് ഉപഭോക്താക്കളെ അറിയിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ വിശദമാക്കി.
My PQ on Infringement of Indian Laws by various Social Media Platformshttps://t.co/6OAvgObRSj pic.twitter.com/wcw7n90Ufz
— Rajeev Chandrasekhar 🇮🇳 (@rajeev_mp)
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (2) ന് വിരുദ്ധമായ രീതിയിലുള്ള ആശയങ്ങള്‍ സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്യണമെന്നും കേന്ദ്രമന്ത്രി വിശദമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തെയും കാര്‍ഷിക നിയമങ്ങളേയും കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന വിഷയത്തില്‍ മൈക്രോബ്ലോഗിംങ് സൈറ്റായ ട്വിറ്ററുമായുള്ള ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.