ഭരണ വിരുദ്ധ വികാരം തിരിച്ചടിയാവുമോ? ആശങ്കയില്‍ സ്മൃതി ഇറാനി ക്യാമ്പ്

By Web Team  |  First Published May 17, 2024, 1:20 PM IST

ഉത്തര്‍പ്രദേശിലെ മറ്റ് മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയും മറ്റ് നേതാക്കളുമെത്തിയെങ്കിലും അമേഠിയിലേക്ക് സന്നാഹങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല


ദില്ലി: അമേഠി മണ്ഡലത്തിലെ വിരുദ്ധ വികാരം തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ സ്മൃതി ഇറാനി ക്യാമ്പ്. കെ എല്‍ ശര്‍മ്മയേയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നതെങ്കിലും പ്രചാരണത്തിന്‍റെ മുഖമായി പ്രിയങ്ക ഗാന്ധി മാറിയിരിക്കുകയാണ്. ബിജെപിയുടെ പ്യൂണ്‍ പരിഹാസം അനുകൂലമാക്കാനാണ് റാലികളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിശോരിലാല്‍ ശര്‍മ്മയുടെ ശ്രമം.

അമേഠി മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സ്മൃതി ഇറാനി. തോല്‍പിക്കാന്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിയെ അമേഠിയിലേക്ക് ക്ഷണിച്ചെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് അവിടേക്ക് വിട്ടത് കെ എല്‍ ശര്‍മ്മയേയാണ്. എതിര്‍ സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന വിലയിരുത്തലില്‍ സ്മൃതി ഇറാനിയുടെ പ്രചാരണത്തിന്‍റെ പകിട്ട് കുറഞ്ഞു. ഉത്തര്‍പ്രദേശിലെ മറ്റ് മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയും മറ്റ് നേതാക്കളുമെത്തിയെങ്കിലും അമേഠിയിലേക്ക് സന്നാഹങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. 

Latest Videos

undefined

മണ്ഡലത്തില്‍ സ്ഥിര സാന്നിധ്യമായിരുന്നുവെന്ന് പ്രസംഗങ്ങളില്‍ സ്മൃതി ഇറാനി അവകാശപ്പെടുന്നുണ്ടെങ്കിലും എംപിയെന്ന നിലക്ക് സാന്നിധ്യം കുറവായിരുന്നുവെന്ന് പരാതിയുണ്ട്. പ്രഖ്യാപനങ്ങളില്‍ പലതും വെറുംവാക്കിയിരുന്നുവെന്ന് വിമര്‍ശിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥി പതിമൂന്ന് രൂപക്ക് പഞ്ചസാര ലഭ്യമാക്കുമെന്ന സ്മൃതിയുടെ വാഗ്ദാനം ഓര്‍മ്മപ്പെടുത്തി പരിഹസിക്കുന്നു.

ഗാന്ധി കുടുംബത്തിലെ പ്യൂണ്‍ എന്ന പരിഹാസം ബിജെപി ശക്തമാക്കുമ്പോള്‍ ശര്‍മ്മക്കായി പ്രിയങ്ക ഗാന്ധിയാണ് മണ്ഡലത്തില്‍ വോട്ട് തേടുന്നത്. രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നും, ഗാന്ധി കുടുംബത്തിന്‍റെ ബലിയാടാണ് ശര്‍മ്മയെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രിയങ്ക മറുപടി നല്‍കുന്നു. ദുര്‍ബല സ്ഥാനാര്‍ത്ഥിയാണെന്ന് ബിജെപി പുച്ഛിക്കുമ്പോള്‍ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ മണ്ഡലത്തില്‍ സജീവമായിരുന്ന ശര്‍മ്മ പൊതുബന്ധങ്ങള്‍ വോട്ടാക്കി മാറ്റാനാണ് കോണഗ്രസ് ശ്രമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!