മത്സരപരീക്ഷകള്‍ക്കായി ദില്ലിയില്‍ പഠനം നടത്തിയിരുന്ന 25 വയസുള്ള സൗത്ത് സിക്കിമില്‍ നിന്നുള്ള യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സിക്കിം ആരോഗ്യസെക്രട്ടറി ഡോ. പി ടി ഭൂട്ടിയ പറഞ്ഞു. രോഗിയുമായി നേരിട്ട സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ്.
ഗ്യാംടോക്ക്: ഇന്ത്യയിലെ ഏക കൊവിഡ് രഹിത സംസ്ഥാനമായിരുന്ന സിക്കിമില്‍ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. ദില്ലിയില്‍ നിന്ന് സംസ്ഥാനത്തേക്ക് തിരികെയെത്തിയ വിദ്യാര്‍ത്ഥിക്കാണ് സിക്കിമില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മത്സരപരീക്ഷകള്‍ക്കായി ദില്ലിയില്‍ പഠനം നടത്തിയിരുന്ന 25 വയസുള്ള സൗത്ത് സിക്കിമില്‍ നിന്നുള്ള യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സിക്കിം ആരോഗ്യസെക്രട്ടറി ഡോ. പി ടി ഭൂട്ടിയ പറഞ്ഞു.
രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ്. മെയ് 17നാണ് യുവാവ് തിരികെ സിക്കിമില്‍ എത്തിയത്. യുവാവിനെ എസ്ടിഎന്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് യുവാവിന്‍റെ സാമ്പിള്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി അയച്ചത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഫലം വന്നത്. കഴിഞ്ഞ നാല് മാസമായി ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടിവരുമ്പോഴും സിക്കിമില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
രാജ്യത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ സിക്കിമില്‍ കടുത്ത നിരീക്ഷണങ്ങളായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് ടമാങ് പറഞ്ഞിരുന്നു. വൈറസ് പരിശോധന നടത്താതെ സംസ്ഥാനത്ത് കടക്കുന്നവര്‍ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്താനും സിക്കിം തീരുമാനിച്ചിരുന്നു.