ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം... ചുവടെ
കര്‍ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായതായി സൂചന. കർണാടകയിലെ കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റേക്കും. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നതിൽ എം എൽ എമാരുടെ അഭിപ്രായമാരാഞ്ഞ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. കർണാടകയിലെ നിരീക്ഷകർ ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് എ ഐ സി സി അധ്യക്ഷന് നാളെ സമർപ്പിക്കും. ശേഷം മല്ലികാര്‍ജുൻ ഖർഗ്ഗെ, സോണിയയെയും രാഹുലിനെയും കണ്ട് ചർച്ച നടത്തും. ആവശ്യമെങ്കിൽ കർണാടക നേതാക്കളെ ദില്ലിക്ക് വിളിപ്പിക്കും. രണ്ട് ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി ബുധനാഴ്ച പ്രഖ്യാപനം നടത്താനാണ് തീരുമാനം. അതേസമയം തോറ്റെങ്കിലും ജഗദീഷ് ഷെട്ടറിന് കാര്യമായ പരിഗണന നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. പുതിയ കർണാടക മന്ത്രിസഭയിൽ ഷെട്ടർ ഉണ്ടാകുമെന്നാണ് വിവരം. എം എൽ സി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് ആലോചന.
കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരാളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല. ഇക്കാര്യത്തിൽ ഒറ്റയടിക്ക് തീരുമാനമെടുക്കില്ലെന്നും കെ സി വേണുഗോപാൽ ബംഗളൂരുവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരുമായും സംസാരിക്കും. കര്‍ണാടകയിലെ സ്ഥിതി പരിശോധിച്ച് നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് നൽകും. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കും. കോൺഗ്രസ് പ്രസിഡന്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തോറ്റെങ്കിലും ജഗദീഷ് ഷെട്ടാറെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹത്തെയും യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്ന് സി പി എം നേതാവും മന്ത്രിയുമായ സജി ചെറിയാൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സ്വാഭാവികമായുണ്ടാകും. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി ഐക്യം വരുമെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു. കർണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകർച്ചയുടെ തുടക്കമാണ്. ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തോടെ ബിജെപിയെ മറികടക്കണം. കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധ സമീപമാണ് കോൺഗ്രസിനുള്ളത്. പക്ഷേ രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണമെന്നാണ് അഭിപ്രായമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
4 ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ്; വിമർശിച്ച് എം വി ഗോവിന്ദൻ
ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടിയന്തരാവസ്ഥ ഇതിൻ്റെ ഭാഗമായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മത സൗഹാർദ്ദവും ജനകീയ ഐക്യവും എങ്ങനെ തകർക്കാമെന്നതിൻ്റെ ഗവേഷണമാണ് ഫാസിസ്റ്റുകൾ നടത്തുന്നത്. കേരളം ഒരു അഗ്നിപർവ്വതത്തിന് മുകളിലാണ് ഉള്ളത്. ഞങ്ങളേയുള്ളൂ ബിജെപിയെ നേരിടാൻ എന്ന അഹന്തയുമായി പോയാൽ അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടും. വികസനത്തിന് നല്ല വോട്ടുള്ള നാടാണ് കേരളം. എ ഐ ക്യാമറ സംസ്ഥാന സർക്കാരിൻ്റെ സൃഷ്ടിയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ ശൃംഖലയാകെ സിപിഎമ്മിന് എതിരാണ്. എ ഐ ക്യാമറയിൽ നടക്കുന്നത് വിമർശനങ്ങളല്ല അസംബന്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
5 കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ
സിബിഐക്ക് പുതിയ മേധാവിയായി. കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദാണ് സിബിഐയുടെ പുതിയ മേധാവി. രണ്ട് വർഷത്തേക്കാണ് നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ അധികാരത്തിൽ വന്നാല് നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീൺ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.
6 ഐസിഎസ്ഇ, ഐഎസ്‍സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം www. results.icse.org എന്ന വെബ്സൈറ്റിൽ പരീക്ഷഫലം അറിയാം. കേരളത്തിലെ വിജയശതമാനം 99.97 ശതമാനമാണ്. ദേശീയ വിജയശതമാനം 98.94 ശതമാനം. പ്ലസ് ടുവിൽ ദേശീയ വിജയശതമാനം 96.94 ശതമാനം ആണ്. കേരളത്തിൽ പ്ലസ് ടൂ വിജയശതമാനം 99.88 ശതമാനമാണ്. 10, 12 ക്ലാസുകളിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചു. പത്താം ക്ലാസ്. പെൺകുട്ടികൾ: 99.21 ശതമാനം. ആൺകുട്ടികൾ 98.71 ശതമാനം. ക്ലാസ് 12 പെൺകുട്ടികൾ 98.01 ശതമാനം. ആൺകുട്ടികൾ - 95.96 ശതമാനം.
7 സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; ആദ്യ അന്വേഷണത്തിൽ അട്ടിമറി, സിപിഎം നേതാക്കളുടെ ഫോൺ ചോർത്തി
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. തെളിവുകള്‍ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയ പൊലിസുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി. ആദ്യ അന്വേഷണ സംഘം കണ്ണൂരിലേതടക്കമുള്ള സി പി എം നേതാക്കളുടെ ഫോൺ ചോർത്തിയെന്നും ഇതിന്‍റെ അനുമതി രേഖകൾ കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്.
പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയേറ്റശ്രമം നടത്തിയത്. പരിശോധന ടേബിൾ ചവിട്ടി മറിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും ഹൗസ് സർജന്മാരും ഓടി മാറിയതിനാലാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ വിഷ്ണുവിനെ അഞ്ചാലുംമൂട് പോലീസാണ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. പ്രതി അതിക്രമം തുടരുമ്പോഴും വൈദ്യ പരിശോധന പൂർത്തിയാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്നും പരാതിയുണ്ട്.
9 കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം: മോഷണക്കുറ്റം ആരോപിച്ച്, 8 പേർ അറസ്റ്റിൽ
മലപ്പുറം കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. കൈ കെട്ടിയിട്ടാണ് മർദ്ദനം. ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.
10 വീണ്ടും നൊമ്പരം, പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു. പട്ടാമ്പി വള്ളൂർ മേലെകുളത്തിലാണ് ദാരുണാപകടമുണ്ടായത്. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12) വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാർ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുങ്ങാകുഴി ഇടുന്നതിനിടെ കുളത്തിലെ ചേറിൽ കുടുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ പൊങ്ങി വരാതായപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.