സഹോദരൻ ഫോണെടുക്കുന്നില്ലെന്ന് പൊലീസിൽ വിവരം, അന്വേഷിച്ചപ്പോൾ ഗസ്റ്റ് ഹൗസിന് മുന്നിൽ കാർ; മുറിയിൽ മരിച്ച നിലയിൽ

By Web Desk  |  First Published Jan 2, 2025, 11:35 AM IST

ഗസ്റ്റ് ഹൗസിൽ മുറിയിടുത്തിട്ടുണ്ടെന്ന് പൊലീസ് മനസിലാക്കിയത് പുറത്ത് പാ‍ർക്ക് ചെയ്തിരുന്ന കാർ കണ്ടാണ്. അകത്ത് കയറി അന്വേഷിച്ചപ്പോൾ മുറി കാണിച്ചുകൊടുത്തു.


ശ്രീനഗർ: ജമ്മു-കശ്മീരിലെ ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. ദോഡ ജില്ലയിലെ ഒരു ഗസ്റ്റ് ഹൗസിലെ മുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയത്. കൂട്ടത്തിൽ ഒരാളുടെ സഹോദരൻ നൽകിയ വിവരമനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസുകാരാണ് മരണ വിവരം അറിഞ്ഞത്.

കശ്മീരിലെ ദോഡ ജില്ലയിലുള്ള ഭാദെർവലേക്ക് പോയ തന്റെ സഹോദരൻ ഫോൺ വിളിച്ച് എടുക്കുന്നില്ലെന്ന് പറ‌ഞ്ഞ് ഒരാൾ പൊലീസിന്റെ സഹായം തേടുകയായിരുന്നു. വിളിച്ചയാളിൽ നിന്ന് പൊലീസുകാർ കാണാതായ വ്യക്തിയുടെ മൊബൈൽ നമ്പർ വാങ്ങി അതിന്റെ ലൊക്കേഷൻ പരിശോധിച്ചു. ഇയാളുടെ വാഹനത്തിന്റെ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങളും ശേഖരിച്ചു. രാത്രിയോടെ പൊലീസ് സ്ഥലം കണ്ടെത്തുകയും അവിടെപ്പോയി നേരിട്ട് പരിശോധിക്കാൻ ഒരു സംഘം ഉദ്യോഗസ്ഥരെ അയക്കുകയുമായിരുന്നു.

Latest Videos

പലയിടത്തും അന്വേഷിക്കുന്നതിനിടെ ഭാദെർവയിലെ റോയൽ ഇൻ ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന് മുന്നിൽ കാണാതായ ആളുടെ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തി. ഗസ്റ്റ് ഹൗസിൽ കയറി അന്വേഷിച്ചപ്പോൾ യുവാവ് ഉൾപ്പെടുന്ന സംഘം അവിടെ മുറിയിടുത്തിട്ടുണ്ടെന്ന് വ്യക്തമായി. ജീവനക്കാർ കാണിച്ചുകൊടുത്ത മുറിയുടെ വാതിലിൽ മുട്ടിയിട്ടും അകത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഒടുവിൽ വാതിൽ പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.

വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂന്ന് പേരും ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഡോക്ടർമാരെയും ഫോറൻസിക് വിദഗ്ദരെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. മൂവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. യഥാർത്ഥ മരണ കാരണം സംബന്ധിച്ച സ്ഥിരീകരണം ആയിട്ടില്ലെങ്കിലും മുറിയിൽ തണിപ്പ് അകറ്റാനായി ഉപയോഗിച്ച ചാർക്കോൾ ഹീറ്ററിൽ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമായതെന്ന് അനുമാനിക്കുന്നായി സീനിയർ എസ്.പി സന്ദീപ് മെഹ്ത പറ‌ഞ്ഞു. എന്നാൽ ഫൊറൻസിക് പരിശോധനാ ഫലം ലഭ്യമായ ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. കൂടുതൽ അന്വേഷണം സമാന്തരമായി നടക്കുന്നുമുണ്ട്. മുകേഷ് കുമാർ, അഷുതോഷ്, സണ്ണി ചൗധരി എന്നിവരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!