ക്വാറന്‍റീനുള്ളവര്‍ക്ക് നോമ്പ് തുറ വിഭവങ്ങളൊരുക്കി വൈഷ്ണോ ദേവി ക്ഷേത്രം

By Web Team  |  First Published May 23, 2020, 12:04 PM IST

മഹാമാരി വ്യാപിച്ചതോടെയാണ് കട്ട്റയിലെ ആശീര്‍വാദ് ഭവന്‍ ക്വാറന്‍റീന്‍ കേന്ദ്രമാക്കിയിരുന്നു. നോമ്പ് തുറ വിഭവങ്ങള്‍ക്കൊപ്പം ഇടയത്താഴത്തിനുമുള്ള സൌകര്യമാണ് ആശീര്‍വാദ് ഭവനില്‍ വൈഷ്ണോ ദേവി ക്ഷേത്രം ഒരുക്കിയിട്ടുള്ളത്.


കട്ട്റ(ജമ്മുകശ്മീര്‍):  ക്വാറന്റീന്‍ കേന്ദ്രങ്ങളിലുള്ള മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് നോമ്പ് തുറ വിഭവങ്ങളൊരുക്കി ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം. ജമ്മുകശ്മീരിലെ കട്ട്റയിലെ ആശീര്‍വാദ് ഭവനില്‍ ക്വാറന്‍റീനിലായ 500 പേര്‍ക്കാണ് വൈഷ്ണോ ദേവി ക്ഷേത്രം നോമ്പ് തുറ വിഭവങ്ങളുമായി എത്തിയത്. മഹാമാരി വ്യാപിച്ചതോടെയാണ് കട്ട്റയിലെ ആശീര്‍വാദ് ഭവന്‍ ക്വാറന്‍റീന്‍ കേന്ദ്രമാക്കിയിരുന്നു. നോമ്പ് തുറ വിഭവങ്ങള്‍ക്കൊപ്പം ഇടയത്താഴത്തിനുമുള്ള സൌകര്യമാണ് ആശീര്‍വാദ് ഭവനില്‍ വൈഷ്ണോ ദേവി ക്ഷേത്രം ഒരുക്കിയിട്ടുള്ളത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ സര്‍ക്കാര്‍ തിരികെയെത്തിക്കുകയാണ്. ഇവരെയെല്ലാം ഉള്‍ക്കാള്ളാവുന്നതലത്തില്‍ ആശീര്‍വാദ് ഭവന്‍ മാര്‍ച്ച് മാസം മുതല്‍ ക്വാറന്‍റീന്‍ കേന്ദ്രമായി പ്രവര്‍ത്തിപ്പിക്കുകയാണ്. തൊഴിലാളികളാണ് ഇവിടെ ക്വറന്‍റീന്‍ ചെയ്തതില്‍ ഏറിയ പങ്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രമേഷ് കുമാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു.  ഇവരില്‍ ഏറിയ പങ്കും റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്നവരാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കായി നോമ്പ് തുറ വിഭവങ്ങളൊരുക്കിയത്. 

Latest Videos

സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ട്രെയിനുകളിലാണ് തൊഴിലാളികള്‍ ഏറിയ പങ്കും കട്ട്റയിലെത്തിയത്. കട്ട്റയിലെ മറ്റ് ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലും വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് നേരം ഭക്ഷണമെത്തിക്കുന്നുണ്ട്. തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും സ്വത്തുള്ള ക്ഷേത്രമാണ് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം. മാര്‍ച്ച് 20 മുതല്‍ 80 ലക്ഷം രൂപയാണ് ലോക്ക്ഡൌണില്‍ പലരീതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള ഭക്ഷണത്തിനായി ക്ഷേത്രം ചെലവാക്കിയിരിക്കുന്നതെന്നാണ് വിവരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി രൂപയാണ് ക്ഷേത്രം ചെലവിട്ടിരിക്കുന്നതെന്ന് ക്ഷേത്ര അധികാരികള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി. 

click me!