തന്റെ സഹോദരി ഉള്‍പ്പെടെ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍, കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍
തിരുവനന്തപുരം: മഹുവ മൊയ്ത്ര എംപിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ഇത് തരംതാണ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. തന്‍റെ സഹോദരി ഉള്‍പ്പെടെ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍, കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് തരൂര്‍ വിമര്‍ശിച്ചു.
തന്നേക്കാള്‍ പത്തിരുപത് വയസ്സ് പ്രായം കുറവുള്ള എംപിയാണ്. തന്നെ സംബന്ധിച്ച് കുട്ടിയാണ്. 15 പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍ വെട്ടിമാറ്റിയാണ് സ്വകാര്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഇത് തരംതാണ രാഷ്ട്രീയമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ഓൺലൈൻ ട്രോളുകളെ താന്‍ കാര്യമായി എടുക്കാറില്ലെന്ന് ശശി തരൂര്‍ വിശദമാക്കി. മാധ്യമങ്ങൾ അവയ്ക്ക് നൽകുന്ന പ്രാധാന്യം പോലും താൻ നൽകുന്നില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും തരൂര്‍ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ശശി തരൂരും മഹുവ മൊയ്ത്രയും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് സ്വകാര്യ കൂടിക്കാഴ്ച എന്ന തരത്തില്‍ മോശം വാക്കുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ട്രോള്‍ സേനയാണ് തന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മഹുവ നേരത്തെ പ്രതികരിച്ചിരുന്നു. വെട്ടിമാറ്റാതെ ചിത്രം മുഴുവനായി കാണിക്കാനും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ കോഴ കൈപ്പറ്റിയെന്ന് മഹുവയ്ക്കെതിരെ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ചിത്രങ്ങളും പ്രചരിച്ചത്. തനിക്ക് വേണ്ടി നേരിട്ട് ചോദ്യങ്ങൾ തയ്യാറാക്കാൻ മഹുവ തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകിയെന്ന് വ്യവസായി ദർശൻ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലം പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലാണ്. അതിനിടെ മഹുവ മൊയിത്രയ്ക്കെതിരെ ലോക്പാലിന് പരാതി നൽകിയിരിക്കുകയാണ് ബിജെപി എംപി നിഷികാന്ത് ദുബെ. മഹുവയുടെ പാർലമെൻറ് അക്കൗണ്ട് ദുബൈയിൽ ഉപയോഗിച്ചെന്നാണ് പരാതി. മഹുവ ഇന്ത്യയിലുള്ളപ്പോഴാണ് വിദേശത്ത് അക്കൗണ്ട് തുറന്നതെന്ന് ഏജൻസികൾ കണ്ടെത്തിയെന്ന് ദുബെ ആരോപിച്ചു. പൊലീസ് സംരക്ഷണം വേണമെന്ന് മഹുവയ്ക്കെതിരെ പരാതി നൽകിയ ആനന്ദ് ദെഹദ്രൈ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം