ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.
ഭീംതാൽ: ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ നിരവധി യാത്രക്കാർ ബസിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റവരെ ഭീംതാലിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്. കയർ ഉപയോഗിച്ചാണ് തോട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിക്കുന്നത്. ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
undefined
അതേസമയം, സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. ഭീംതലിന് സമീപം ബസ് അപകടത്തിൽപ്പെട്ട വാർത്ത വളരെ ദുഃഖകരമാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിന് പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.