തെലങ്കാനയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; നിരോധനാജ്ഞ, എംഎൽഎ അടക്കം 13 ബിജെപി-യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

By Web Team  |  First Published Jun 16, 2024, 11:45 PM IST

പശുക്കളെ കടത്തിയെന്നാരോപിച്ച് ഇന്നലെ ആറ് യുവാക്കൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിലൊരാൾക്ക് കുത്തേറ്റു, മറ്റുള്ളവർക്ക് ക്രൂരമായി വടികൾ കൊണ്ടടക്കം മർദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.


ഹൈദരാബാദ്: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ തെലങ്കാനയിലെ മേദക്കിൽ നിരോധനാജ്ഞ. ഘോഷാമഹൽ എംഎൽഎ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോർച്ച നേതാക്കൾ അറസ്റ്റിലായി. പശുക്കളെ കടത്തിയെന്നാരോപിച്ച് ഇന്നലെ ആറ് യുവാക്കൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിലൊരാൾക്ക് കുത്തേറ്റു, മറ്റുള്ളവർക്ക് ക്രൂരമായി വടികൾ കൊണ്ടടക്കം മർദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. 

ഇരുന്നൂറോളം പേർ വരുന്ന അക്രമി സംഘം ആശുപത്രി തല്ലിത്തകർത്തു. ഇവരെ ചികിത്സിച്ച ‍ഡോ. നവീന്‍റെ വാഹനം അടിച്ച് പൊട്ടിച്ചു. ആശുപത്രിയിൽ വരുന്നവരുടെ മതമേത് എന്ന് നോക്കാറില്ലെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർ പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു. മനുഷ്യത്വം മാത്രമേ ഡോക്ടർ എന്ന നിലയിൽ കാണിച്ചിട്ടുള്ളൂ എന്നും ഡോ. നവീൻ പറഞ്ഞു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നഗരത്തിൽ വ്യാപകമായി ഒരു വിഭാഗത്തിന്‍റെ കടകൾ തല്ലിത്തകർത്തു. ഇതിന് നേതൃത്വം നൽകിയ ബിജെപി മേദക് ജില്ലാധ്യക്ഷൻ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കാണാനായി ഹൈദരാബാദിൽ നിന്ന് എത്തിയ ബിജെപി എംഎൽഎ രാജാ സിംഗിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്ത് പൊലീസ് തിരിച്ചയച്ചു. മേദകിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!