കൊവിഡും യുദ്ധവും സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ ഇളവനുവദിക്കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം. സുപ്രീം കോടതി നിർദേശ പ്രകാരമാണ് ശുപാർശ തയ്യാറാക്കിയത്.
ദില്ലി: ഹൗസ് സർജന്‍സി പൂർത്തിയാക്കാത്ത ചൈനയിലെയും യുക്രൈനിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്ത് പ്രാക്ടീസിനുള്ള സ്ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ അനുമതി നല്‍കിയേക്കും. ഇളവനുവദിക്കാനുള്ള ശുപാർശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി. രണ്ടുരാജ്യങ്ങളിലെയും ആയിരക്കണക്കിന് അവസാന വർഷ വിദ്യാർത്ഥികൾക്ക് തീരുമാനം ആശ്വാസമാകും.
കൊവിഡും യുദ്ധവും സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ ഇളവനുവദിക്കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം. സുപ്രീം കോടതി നിർദേശ പ്രകാരമാണ് ശുപാർശ തയ്യാറാക്കിയത്. ശുപാർശ കേന്ദ്രം അംഗീകരിച്ചാല്‍ രണ്ട് രാജ്യങ്ങളിലെയും അവസാന വർഷ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർത്ഥികൾക്ക് വിദേശത്തെ ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കാതെതന്നെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ എഴുതാം. ഈ പരീക്ഷ പാസ്സായ ശേഷം രാജ്യത്തെ ആശുപത്രികളില്‍ രണ്ടു വർഷത്തെ ഇന്‍റേൺഷിപ്പും പൂർത്തിയാക്കിയാല്‍ മെഡിക്കല്‍ പ്രാക്ടീസിനായുള്ള സ്ഥിരം രജിസ്ട്രേഷന്‍ കിട്ടും.
നേരത്തെ ഇന്ത്യയില്‍ ഒരു വർഷത്തെ പരിശീലനമായിരുന്നു പൂർത്തിയാക്കേണ്ടിയിരുന്നത്. രണ്ടു വർഷത്തെ പരിശീലനം കുട്ടികളുടെ ക്ലിനിക്കല്‍ പരിശീലനത്തിലെ ന്യൂനതകൾ പരിഹരിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. എന്നാല്‍ പഠനം മുടങ്ങിയ എല്ലാ വിദ്യാർത്ഥികളുടെയും കാര്യത്തിൽ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ഇന്ത്യയിൽ പ്രാക്സീസ് നടത്താൻ അനിവാര്യമായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയിൽ 2020 ല്‍ 16.5 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചത്. കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാർത്ഥികളാണ് ചൈനയിലും യുക്രൈനിലുമായി മെഡിക്കല്‍ പഠനം നടത്തുന്നത്.