പ്രിയങ്ക മത്സരിക്കുന്നത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ ബാധിക്കില്ലെന്ന് റോബർട്ട് വദ്ര

By Web Team  |  First Published Jun 19, 2024, 2:41 PM IST

വയനാടിനായുള്ള രാഹുലിൻ്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകുമെന്നും റോബർട്ട് വദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


ദില്ലി: പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഭര്‍ത്താവ് റോബർട്ട് വദ്ര. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ സഹായിക്കും. വയനാടിനായുള്ള രാഹുലിൻ്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകുമെന്നും റോബർട്ട് വദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രിയങ്ക മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വദ്ര, കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. 

തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായിട്ടാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗം തീരുമാനിക്കുകയായിരുന്നു. അതേസമയം, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും അമിത് മാളവ്യ ആരോപിച്ചു. യുപിയില്‍ ബിജെപി നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

Latest Videos

click me!