ഓർഡർ ചെയ്ത ഫുഡ് കൊടുക്കാനെത്തിയപ്പോൾ വീടുകളും പരിസരവും നോക്കിവെച്ചു; രാത്രിയെത്തി മോഷ്ടിച്ചത് 12 മൊബൈൽ ഫോണുകൾ

By Web Team  |  First Published Dec 20, 2024, 4:46 PM IST

പേയിങ് ഗസ്റ്റായി താമസിക്കുന്നവരിൽ പലരും വീട് പൂട്ടാറില്ലെന്ന് ഇയാൾ ഫുഡ് ഡെലിവറിക്കിടെ മനസിലാക്കുകയായിരുന്നു.


ബംഗളുരു: ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്ത് ആളുകളുടെ താമസ സ്ഥലങ്ങൾ നോക്കി വെച്ച ശേഷം മോഷണം. ബംഗളുരു എച്ച്എഎൽ പൊലീസാണ് നാല് ലക്ഷത്തോളം രൂപ വിലവരുന്ന 12 മൊബൈൽ ഫോണുകൾ ഒരു യുവാവിൽ നിന്ന് പിടിച്ചെടുത്തത്. അസം കരിംഗഞ്ച് സ്വദേശിയായ കബിർ ഹുസൈൻ (24) ആണ് പിടിയിലായത്.

ഫുഡ് ഡെലിവറി കമ്പനികളിൽ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തുള്ള പരിചയമാണ് മോഷണം നടത്താൻ യുവാവിന് സഹായകമായതെന്ന് പൊലീസ് പറയുന്നു. പേയിങ് ഗസ്റ്റായി താമസിക്കുന്ന ചിലർ വീടുകൾ പൂട്ടാറില്ലെന്ന് ഇയാൾ ജോലിക്കിടെ മനസിലാക്കി. ഇങ്ങനെയുള്ള സ്ഥലങ്ങൾ നോക്കിവെച്ചു. രാത്രി താമസക്കാർ ഉറങ്ങിക്കഴിഞ്ഞുള്ള സമയത്ത് ഇവിടെയെത്തി മുറികൾക്കുള്ളിൽ കടന്ന് മൊബൈൽ ഫോണുകൾ എടുത്തുകൊണ്ട് പോവുകയായിരുന്നു.

Latest Videos

undefined

ഇതിന് പുറമെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെ തൊഴിലാളികളുടെ മൊബൈൽ ഫോണുകളും മോഷ്ടിച്ചു. ഏതാനും ദിവസം മുമ്പ് രാത്രി എച്ച്.എ.എൽ ഏരിയയിൽ നിന്ന് മൊബൈൽ ഫോൺ കളവ് പോയത് സംബന്ധിച്ച് ലഭിച്ച പരാതി പ്രകാരം പൊലീസുകാർ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ ആളെക്കുറിച്ച് കാര്യമായ വിവരമൊന്നും കിട്ടിയില്ല.

പിറ്റേദിവസം ഇയാൾ അതേ സ്ഥലത്ത് വീണ്ടുമെത്തി ചുറ്റിത്തിരിയുന്നത് പൊലീസുകാർ കണ്ടു. അതേ ഷർട്ട് തന്നെ ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനും പ്രയാസമുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്തപ്പോഴാണ് ഓരോ മോഷണക്കേസുകളിലായി വിവരങ്ങൾ പുറത്തുവരുന്നത്. മോഷ്ടിച്ച ഒരു ഫോണും ഇയാൾ വിറ്റിരുന്നില്ല. ഫോൺ നഷ്ടമായവരിൽ രണ്ട് പേരാണ് പരാതി നൽകിയത്. മറ്റ് 10 പേർ ഇ-ലോസ്റ്റ് റിപ്പോർട്ടുകൾ ഫയൽ ചെയ്തിരുന്നു.

വരുമാനം കുറവായിരുന്നെന്ന കാരണം പറഞ്ഞ് ഇയാൾ ഡെലിവറി ജോലി ഉപേക്ഷിച്ച് ഇടയ്ക്ക് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് വീണ്ടും തിരിച്ചെത്തി ജോലി അന്വേഷിച്ചു. താത്കാലിക താമസ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!