റിപ്പബ്ളിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യം ഇക്കുറിയുമില്ല; അനുമതി നൽകാതെ പ്രതിരോധ മന്ത്രാലയം

By Web Team  |  First Published Jan 1, 2024, 8:11 AM IST

 റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. 


ദില്ലി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിൻറെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. കേന്ദ്രം നല്‍കിയ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമർപ്പിച്ച  നിശ്ചല ദൃശ്യ മാതൃകകള്‍ കേന്ദ്രം തള്ളി. ലൈഫ് മിഷൻ  അടക്കമുളള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള മാതൃകകളാണ് തള്ളിയവയില്‍ ഉള്ളത്.

വികസിത ഭാരതം, ജനാധിപത്യത്തിന്‍റ മാതാവ് എന്നീ രണ്ട് വിഷയങ്ങളില്‍ പത്ത് മാതൃകകളാണ് കേരളം നല്‍കിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് നല്‍കിയ മാതൃകകള്‍ കേന്ദ്രം പരിശോധിച്ചത്. നിര്‍ദേശിച്ച   ഭേദഗതികള്‍ വരുത്തി അവസാന ഘട്ടത്തില്‍ നാല് മാതൃകകള്‍ കേരളം സമർപ്പിച്ചു.  വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷൻ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃക, കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്‍റെ പ്രതിമ അടങ്ങിയ മാതൃക. കേരള ടൂറിസം എന്നിവയായിരുന്നു സമർ‍പ്പിച്ചത്.

Latest Videos

സ്വാതന്ത്ര്യസമരത്തില്‍ പോരാടിയ അക്കാമ്മ ചെറിയാൻറെ പ്രതിമ ഉള്‍പ്പെട്ട മാതൃക  ജനാധിപത്യത്തിന്‍റെ മാതാവ് എന്ന വിഷയത്തിലും സമ‍ർപ്പിച്ചു. എന്നാല്‍ ഇതെല്ലാം പ്രതിരോധമന്ത്രാലയം തള്ളി.  റിപ്പബ്ലിക് ദിന പരേഡിൽ  അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നുവെങ്കിലും 2022ലും 2020ലും  കേരളത്തിന്‍റെ നിശ്ചലദൃശ്യം തള്ളിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ  പ‌ഞ്ചാബ് പശ്ചിമബംഗാൾ ഉള്‍പ്പടെയുള്ല പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍  രൂക്ഷവിമർശനം ഉയർത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!