5 ലക്ഷ രൂപ ലോണിന് 18 ഇഎംഐ അടച്ചു, പലിശ കൂടിയപ്പോൾ നേരത്തെ അടച്ചുതീർക്കാൻ ശ്രമം; തട്ടിപ്പുകാർ കവർന്നത് 10 ലക്ഷം

ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് യുവതി രണ്ട് തവണ ലോൺ തിരിച്ചടയ്ക്കാൻ ശ്രമം നടത്തിയത്. ആദ്യം പണം പോയിട്ടും രണ്ടാമത്തെ തവണ ജാഗ്രത കാണിച്ചില്ല.

repaid 18 EMIs for a loan of 5 lakhs and decided to foreclose it due to higher interest but lost 10 lakh

മുംബൈ: വീടുവെയ്ക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത ലോൺ അടച്ചുതീർക്കാൻ ശ്രമിച്ച 40കാരി ചെന്നുവീണത് വൻ കെണിയിൽ. അഞ്ചേകാൽ ലക്ഷം രൂപയുടെ വായ്പ തീർക്കാൻ ശ്രമിച്ച യുവതിക്ക് ഒടുവിൽ പത്ത് ലക്ഷത്തോളം രൂപ നഷ്ടമായി. എന്നാൽ ലോൺ ബാധ്യത പഴയതുപോലെ തന്നെ തുടരുകയും ചെയ്യുന്നു. മുംബൈ സിയോണിലെ ശാസ്ത്രിനഗർ സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സിഎസ്‍ടി റെയിൽവെ സ്റ്റേഷന് സമീപത്തെ ഒരു സ്റ്റേഷനറി കടയിൽ ജോലിക്ക് നിൽക്കുന്ന യുവതി വീട് വെയ്ക്കാൻ ആകെ 5.20 ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിയുന്ന ഇവ‍ർ ഇതിനോടകം 22,349 രൂപ വീതമുള്ള 18 ഇഎംഐകൾ അടച്ചുതീർത്തതായി പരാതിയിൽ പറയുന്നു. എന്നാൽ വലിയ പലിശ നിരക്ക് കാരണം ബാധ്യത കൂടിക്കൂടി വന്നതോടെ ലോൺ പെട്ടെന്ന് അടച്ചുതീർക്കാൻ വേണ്ടി ബന്ധുക്കളിൽ നിന്ന് കുറച്ച് പണം കടം വാങ്ങി. ആറ് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ വാങ്ങിയത്.

Latest Videos

തുടർന്ന് ലോൺ അടച്ചുതീർക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ ഗൂഗിളിൽ നിന്ന് ധനകാര്യ സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു ചോദിച്ചു. എന്നാൽ തട്ടിപ്പുകാർ തെറ്റായി നൽകിയിരുന്ന ഫോൺ നമ്പറാണ് യുവതിക്ക് ലഭിച്ചത്. ഈ നമ്പറിൽ വിളിച്ച് ലോൺ ക്ലോസ് ചെയ്യുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ പല അക്കൗണ്ട് നമ്പറുകൾ നൽകുകയും അവയിലേക്ക് ഓരോന്നിലേക്കും നിശ്ചിത തുക വീതം അയക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ നമ്പറിലേക്കൊക്കെ യുവതി പണം കൈമാറി. രണ്ട് ദിവസം കൊണ്ട് ആരെ 5,99,069 രൂപയാണ് ഇങ്ങനെ നൽകിയത്.

എന്നാൽ പണമൊന്നും ലോൺ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലാക്കി സൈബ‍ർ ക്രൈം ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവങ്ങളെല്ലാം. എന്നാൽ ഇതിന് ശേഷവും ലോൺ അടച്ചുതീർക്കാൻ ശ്രമം തുടർന്നു. സഹോദരനിൽ നിന്ന് നാല് രൂപ വാങ്ങി. വീണ്ടും ഗൂഗിൾ ചെയ്ത് കസ്റ്റമർ കെയർ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ഇത്തവണയും മറ്റൊരു തട്ടിപ്പ് സംഘത്തിന്റെ കെണിയിലാണ് വീണത്. ഏപ്രിൽ മൂന്നാം തീയ്യതി 3,07,524 രൂപ ഇവർ നൽകിയ അക്കൗണ്ടിലേക്കും കൈമാറി.

ആകെ 9,06,593 രൂപ രണ്ട് തവണയായി നഷ്ടപ്പെട്ടെന്ന് കാണിച്ച് യുവതി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ലോൺ ബാധ്യത ഇപ്പോഴും പഴയത് പോലെ നിലനിൽക്കുകയും ചെയ്യുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!